മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ പ്രതികരിക്കുന്നു

By Web TeamFirst Published Dec 20, 2019, 3:11 PM IST
Highlights

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു അവസ്ഥയെ നേരിടുന്നത് ഇതാദ്യമായാണ്. ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ഇത്ര വലിയൊരു ആഘാതം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് പറയാതെ വയ്യ.

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍ ക്യാമറാമാന്‍ പ്രജീഷ് കപ്പോത്ത് എന്നിവരടക്കമുള്ള മലയാളി മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലീസ് മണിക്കൂറുകളായി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇത്രയും വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഞങ്ങളുടെ ഒരു റിപ്പോര്‍ട്ടര്‍ പൊലീസ് കസ്റ്റ‍ഡിയിലാവുന്ന അവസ്ഥയുണ്ടാവുന്നത്. മംഗലാപുരത്ത് വാര്‍ത്ത ശേഖരിക്കാന്‍ പോയ കാസര്‍കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനേയും ക്യാമാറമാന്‍ പ്രതീഷ് കപ്പോത്തിനേയും യാതൊരു കാരണവുമില്ലാതെയാണ് മംഗലാപുരം പൊലീസ് പിടിച്ചു കൊണ്ടു പോയത്. 

ആദ്യം ഒരു പൊലീസ് വാഹനത്തില്‍ കയറ്റിയ ഇവരേയും കൊണ്ട് പൊലീസ് മണിക്കൂറുകളോളം സഞ്ചരിച്ചു. അതിനു ശേഷം ഇവരിപ്പോള്‍ എവിടെയാണെന്നോ അവരെ എങ്ങനെ ബന്ധപ്പെടുമെന്നോ ഞങ്ങള്‍ക്കോ പൊലീസ് കസ്റ്റഡിയിലുള്ളവരുടെ ബന്ധുക്കള്‍ക്കോ അറിയാന്‍ പറ്റുന്നില്ല. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പൊലീസ് വാങ്ങി വച്ചിരിക്കുകയാണ് എന്നാണ് കിട്ടിയ വിവരം. അവര്‍ക്ക് ഇതുവരെ കുടിവെള്ളം പോലും പൊലീസ് കൊടുത്തില്ല എന്നാണ് മനസ്സിലാക്കുന്നത്. 

ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ കൂടാതെ 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളുടെ മാധ്യമപ്രവര്‍ത്തകരും പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ഫോണുകളും പൊലീസ് വാങ്ങി വച്ചിരിക്കുകയാണ്.  കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു അവസ്ഥയെ നേരിടുന്നത് ഇതാദ്യമായാണ്. ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും ഇത്ര വലിയൊരു ആഘാതം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് പറയാതെ വയ്യ. അങ്ങേയറ്റത്തെ പ്രതിഷേധം അര്‍ഹിക്കുന്ന നടപടിയാണ് കര്‍ണാടക പൊലീസില്‍ നിന്നും ഉണ്ടായത്. 

കര്‍ണാടക സര്‍ക്കാരിലെ ആളുകളെ ഈ വിഷയവുമായി ബന്ധപ്പെടുമ്പോഴും അവരാരും യാതൊരു വിവരവും നല്‍കുന്നില്ല എന്നു മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. വളരെ വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യത്തെ മാധ്യമപ്രവര്‍ത്തനം എന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍ -

എംജി രാധാകൃഷ്ണന്‍

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ 

തിരുവനന്തപുരം - 20-12-2019 - 02.00 PM

click me!