
ആലപ്പുഴ: വോട്ടെടുപ്പിന്‍റെ തലേന്ന് കുട്ടനാട്ടിൽ വിവാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് രംഗത്തെത്തി. തൊഴിലുറപ്പ് സൈറ്റുകളിൽ എത്തി റെജി ചെറിയാൻ പണം കൊടുത്തെന്ന് തോമസ് കെ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി പണം കൊടുത്തുവെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ചെയ്യുന്നത് നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉള്ളതുകൊണ്ട് പച്ചമലയാളത്തിൽ പറയുന്ന ഭാഷ പറയുന്നില്ല.
അന്തസ്സ് ഉണ്ടെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിച്ചു ജയിക്കണം. പുറംവഴിയിലൂടെ ജയിക്കാൻ നോക്കരുത്. മനുഷ്യരോട് പ്രവർത്തിച്ചോ മാനുഷിക ഇടപെടലുകൾ നടത്താനും അറിയാത്ത ആളാണ് യുഡിഎഫ് സ്ഥാനാർഥി. എൻസിപിയിൽ ഉണ്ടായിരുന്നപ്പോൾ കാണിക്കാവുന്ന എല്ലാ വൃത്തികേടുകളും അവിടെ കാണിച്ചു. എൻസിപിയിൽ നിന്ന് റെജി ചെറിയാനെ പുറത്താക്കിയതാണ്. കുട്ടനാട്ടിൽ ഇങ്ങനെ ഒരാളെ വേണ്ട എന്ന് ജനം തീരുമാനമെടുത്തിട്ടുണ്ട്. യുഡിഎഫ്കാർക്ക് ആകെ അബദ്ധം പറ്റിയെന്ന് അഭിപ്രായമില്ല. പി ജെ ജോസഫിനും പാർട്ടിക്കും പണത്തോടുള്ള ആർത്തുകൊണ്ടു പറ്റിയ അബദ്ധമാണ് കുട്ടനാട്ടിലെ സ്ഥാനാർത്ഥി. എന്ത് അഭ്യാസങ്ങൾ കാണിച്ചാലും കുട്ടനാട്ടിൽ എൽഡിഎഫ് ജയിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
ആരോപണം തള്ളി റെജി ചെറിയാൻ
കുട്ടനാട്ടിൽ പണം കൊടുക്കുന്നു എന്ന എൽഡിഎഫ് ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. ആർക്ക് എപ്പോൾ വേണമെങ്കിലും ആരോപണം ഉന്നയിക്കാമെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ട് വരട്ടെയെന്നും റെജി ചെറിയാൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിക്ക് പരാജയ ഭീതി ആണ്. പണം കൊടുത്തു വോട്ട് വാങ്ങേണ്ട അവസ്ഥയില്ല. കുട്ടനാട്ടിൽ മാറ്റം വേണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തോമസ് കെ. തോമസ് തുടക്കം മുതൽ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചു എന്നും പറഞ്ഞു. നേരത്തെ തന്നെ തോമസ് കെ. തോമസിനെതിരെ മാനനഷ്ട കേസ് കൊടുത്തിട്ടുണ്ട്. ബോബനും മോളിയിലെ കഥകൾ പോലെ ആണ് എൽഡിഎഫ് ആരോപണങ്ങൾ എന്നും റെജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam