ഉത്സവത്തിനിടെ സംഘർഷം, തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം; വാഹനം തകർത്തു, പൊലീസുകാർ ചികിത്സയിൽ, 2 പേർ അറസ്റ്റിൽ

By Web TeamFirst Published Jan 18, 2023, 9:04 AM IST
Highlights

ഉത്സവ സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞെത്തിയ നാദാപുരം കൺട്രോൾ റൂം എസ് ഐ യ്ക്കും സംഘവുമാണ് ആക്രമിക്കപ്പെട്ടത്.

കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ ഉത്സവത്തിനിടെ സംഘർഷവും പൊലീസിന് നേരെ ആക്രമണവും. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഉത്സവ സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞെത്തിയ നാദാപുരം കൺട്രോൾ റൂം എസ് ഐയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസുകാരെ മർദ്ദിച്ച ആക്രമകാരികൾ പൊലീസ് വാഹനവും തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ പോലിസുകാർ നാദാപുരം ഗവ ആശുപത്രിയിൽ ചികിൽസ തേടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കല്ലാച്ചി സ്വദേശികളായ ഷിജിൽ , മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരെ മർദിച്ചതിനും, ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

കൊച്ചിയിൽ ഭാര്യയെ ഭ‍ര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; യുവതി അത്യാസന്ന നിലയിൽ

അതേ സമയം ആലപ്പുഴയിലുണ്ടായ മറ്റൊരു സംഭവത്തിൽ പൊതു വഴിയിൽ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം മുനിസിപ്പൽ കൗൺസിലറെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലയത്.എസ് എഫ് ഐ മുൻ ജില്ലാ സെക്രട്ടറി ശരത് ശശിധരൻ ഉൾപ്പെടെ കൂടെ ഉണ്ടായിരുന്ന ആറ് പേരെയും ആലപ്പുഴഎടത്വ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് ആറരക്ക് എടത്വ  ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലായിരുന്നു മദ്യപാനം. വഴിയിൽ കാർ നിർത്തിയിട്ട് മദ്യപിച്ച സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരുമായി ഇവർ വഴക്കിട്ടു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും വിരട്ടി. തുടർന്ന് പൊലീസ് ഇവരെ ബലമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക്  കൊണ്ട് പോകുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. 

പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ സംഘടന നടപടിയെടുത്തു. ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ അന്വേഷണ വിധേയമായി സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്തു. എസ്എഫ്ഐയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്. 

 

click me!