കൊച്ചി: തുടർച്ചയായി സിഐടിയുവിന്‍റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായെന്ന് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറുടെ മകൻ ഈപ്പൻ അലക്സാണ്ടർ. വലിയ കല്ലെടുത്താണ് എറിഞ്ഞത്. ആ കല്ലെങ്ങാനും തന്‍റെ അച്ഛന്‍റെ ദേഹത്ത് കൊണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ ജീവനോടെ കാണില്ലെന്നും ഈപ്പൻ അലക്സാണ്ടർ കൊച്ചിയിൽ പറഞ്ഞു.
ജോർജ് അലക്സാണ്ടറുടെ ദേഹത്തുള്ള മുറിവുകൾ സാരമുള്ളതാണെന്നാണ് ഈപ്പൻ അലക്സാണ്ടർ പറയുന്നത്. അദ്ദേഹം ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കൂടുതൽ ചികിത്സ ആവശ്യമാണെന്നും ഈപ്പൻ അലക്സാണ്ടർ പറഞ്ഞു.
ഒരു കല്ലെടുത്ത് മാധ്യമപ്രവർത്തകരെ കാണിച്ച ഈപ്പൻ അലക്സാണ്ടർ ഇതുപയോഗിച്ചാണ് ആക്രമണമുണ്ടായതെന്ന് ആരോപിക്കുന്നു.
''ഇതാണ് അവരെറിഞ്ഞ കല്ല്. ഇതെന്‍റെ ഫാദറിന്‍റെ ദേഹത്ത് കൊണ്ടെങ്കിൽ ഇന്നെനിക്ക് ഒരു അപ്പനുണ്ടാവില്ലായിരുന്നു. ഇത്തരം ഗുണ്ടായിസമാണ് ഞങ്ങളുടെ ബ്രാഞ്ചുകളിലും ഹെഡ് ഓഫീസുകളിലും കുറച്ച് കാലമായി നടന്നുവരുന്നത്. ഹെഡ് ഓഫീസിലെ ഒരാൾ പോലും സമരത്തിൽ പങ്കെടുക്കുന്നില്ല. സിഐടിയു ഗുണ്ടകൾ ഇവരെ ആളെ വിട്ട് തല്ലിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സ്ഥിതി ഗുരുതരമാണ്. ഞങ്ങളുടെ സ്റ്റാഫിന് ജോലി ചെയ്യാനുള്ള അവസ്ഥ വേണമെന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്'', എന്ന് ഈപ്പൻ അലക്സാണ്ടർ.
രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം രണ്ടാം തീയതി മുതൽ ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സമരം നടന്നുവരികയായിരുന്നു.
സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്‍മെന്‍റ് പറയുന്നത്.
ജോർജ് അലക്സാണ്ടറും മകൻ ഈപ്പൻ അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്മെന്‍റ് പറയുന്നു. ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്മെന്‍റ് പുറത്തുവിട്ടിട്ടുണ്ട്. മുൻവശത്ത് ഇരുന്ന എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. പിൻവശത്തെ ഗ്ലാസും തകർന്നെങ്കിലും പിന്നിലിരുന്ന ഈപ്പൻ അലക്സാണ്ടറുടെ ദേഹത്ത് കൊണ്ടില്ല.
തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്മെന്‍റ് ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam