സംസ്ഥാന സർക്കാർ കോടികൾ മുടക്കിയ ദേശീയപാത 66-ന്റെ ഉദ്ഘാടനത്തിൽ നിന്ന് പ്രതിനിധികളെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ സ്റ്റണ്ടാണെന്ന് മന്ത്രി വി.ശിവൻകുട്ടി. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൂടി വലിയ തോതിൽ പണം മുടക്കി ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കിയ ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളെ ബോധപൂർവ്വം ഒഴിവാക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സർക്കാരിന് വേണ്ട രീതിയിലുള്ള ക്ഷണമില്ല. ഇത് ബിജെപിയുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം വിമ‍ർശിച്ചു.

ദേശീയപാത വികസനത്തിനായി ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ നേരിട്ട് പണം ചെലവഴിക്കുന്നത് കേരളത്തിലാണ്. അത് കേവലം ലക്ഷങ്ങളോ കോടികളോ അല്ല, 5,580 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നൽകിയത്. ഈ തുക കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനത്തിന് ഏതാണ്ട് 12,000 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്. ഈ വസ്തുതകൾ നിലനിൽക്കെ, ഉദ്ഘാടന വേദിയിൽ നിന്ന് സംസ്ഥാന പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ് മുഴുവൻ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയും.

ഓരോ റീച്ചിന്റെയും പ്രവർത്തനങ്ങൾ കൃത്യമായി റിവ്യൂ ചെയ്യുകയും, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയും നാഷണൽ ഹൈവേ റീജിയണൽ ഓഫീസറും പല തവണ കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഉദ്ഘാടന ചടങ്ങിലെ പ്രാതിനിധ്യം ഇല്ലാതാക്കിയാൽ ഈ ചരിത്രപരമായ സംഭാവനകളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

ദേശീയപാത വികസനം തടയാൻ വേണ്ടി വയൽക്കിളി സമരത്തിൽ മണ്ണും ശേഖരിച്ച് ഡൽഹിക്ക് പോയവരൊക്കെയാണ് ഇന്ന് ഉദ്ഘാടന വേദിയിലിരിക്കുന്നത് എന്നത് പരിഹാസ്യമാണ്. വികസനത്തെ തടയാൻ നോക്കിയവർ ഇന്ന് അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ വരുന്നത് ഇരട്ടത്താപ്പാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ വികസന വിരുദ്ധ നിലപാടാണ് അന്ന് സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ ദേശീയപാത വികസനത്തിന് നൽകിയ സംഭാവനകൾ എന്താണെന്ന് വ്യക്തമാക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പിനെയും എൽഡിഎഫ് സർക്കാരിനെയും മാറ്റിനിർത്തിക്കൊണ്ടുള്ള ഈ നാടകം ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. സംസ്ഥാനത്തിന്റെ വിയർപ്പും പണവും വിനിയോഗിച്ചു നടപ്പിലാക്കിയ പദ്ധതിയെ കേവലം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.