
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം തുടങ്ങി. സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നോട്ടീസയച്ചു. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതി ചേർക്കപ്പെട്ട അഞ്ചിൽ നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ പാലക്കാട് പോക്സോ കോടതി വിട്ടയച്ചിരുന്നു. പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. എന്നാല്‍ അന്വേഷണ സംഘത്തിന് തെറ്റുപറ്റിയെന്നായിരുന്നു പ്രോസിക്യൂഷന്‍റെ കുറ്റപ്പെടുത്തല്‍.
പ്രതികളെ വെറുതെ വിട്ട സംഭവം ഏറെ വിവാദമായതോടെയാണ് അന്വേഷണത്തിലോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചോയെന്നറിയാൻ റിട്ട. ജില്ല ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചത്. ആരൊക്കെ, ഏതൊക്കെ ഘട്ടത്തിൽ വീഴ്ച വരുത്തിയെന്നതാവും പ്രധാനമായും കമ്മീഷൻ പരിശോധിക്കുക. നടപടിക്രമങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് എസ്പി, പ്രോസിക്യൂട്ടർ എന്നിവർക്കാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
കൂടുതൽ പേർക്ക് വരുംദിവസങ്ങളിൽ നോട്ടീസ് അയക്കും. 14 ദിവസത്തിനകം മറുപടി നൽകണമെന്നും അതത് ഉദ്യോഗസ്ഥരുടെ കയ്യിലുളള രേഖകൾ ഹാജരാക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും കമ്മീഷൻ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. മൂന്നുമാസത്തിനകം കമ്മീഷൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam