
കൽപറ്റ: പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. പരിക്കേറ്റ സലാമിന് 3 ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം.
മുത്തങ്ങ പ്രക്ഷോഭം നാള്‍വഴി
2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പോലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.
2001 ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു.
കെ സുധാകരൻ ആയിരുന്നു അന്ന് വനംമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കിട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസി യായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പോലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു.
സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്ക പെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതി ചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു.
സിബിഐ അന്വേഷിച്ച കേസ് ആദിവാസികളുടെ അഭ്യർത്ഥന അനുസരിച്ചാണ് വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. നാല് ഡിവൈഎസ്പിമാർ ഉൾപ്പെടെ കേസിൽ സാക്ഷികൾ ആയിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കഴുത്തിലെ മുറിവാണ് മരണത്തിനുള്ള പ്രധാനകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ഇത് പോലീസിന്റെ തന്നെ ബയനറ്റ് കൊണ്ടുള്ള മുറിവ് ആകാമെന്നും കേസിന് ദൃക്സാക്ഷികൾ ഇല്ല എന്നും ആയിരുന്നു പ്രതിഭാഗം വാദം. സംഭവം നടന്ന 15 വർഷത്തിനുശേഷം 2018 ലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam