
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം. ഇരുപത്തിയൊന്നാം സാക്ഷി വീരൻ ആണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ.
ഇതിനിടെ, മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മണ്ണാർക്കാട് മുൻസിഫ് കോടതി നിർദേശ പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.
വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം വേണം : സ്പെഷ്യൽ പ്രോസിക്യൂട്ടർ
അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) രാജേഷ് എം.മേനോൻ (Rajesh M Menon). മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം. പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്‍റെ കുടുംബവും ആരോപിച്ചിരുന്നു.
മധുകൊലക്കേസ്: ഒരു സാക്ഷികൂടി കൂറുമാറി, കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി
താക്കീതുമായി വനം വകുപ്പ്
കൂറുമാറ്റത്തിന്റെ പേരിൽ അട്ടപ്പാടി മധു കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെ വനം വകുപ്പ് നടപടിയെടുത്തിരുന്നു. ഇരുവരും താത്കാലിക വാച്ചർമാരായിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടായിരുന്നു നടപടി. കേസിന്‍റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam