ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യനാണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ് മയ്യന്‍.

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ ( Attappadi Madhu Murder Case) ഒരു സാക്ഷികൂടി കൂറുമാറി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യനാണ് കൂറുമാറിയത്. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പത്തായി. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രസഹ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മണ്ണാർക്കാട് മുൻസിഫ് കോടതി നിർദേശം പ്രകാരമാണ് നടപടി. മധുവിന്‍റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും. ഇതിന് ശേഷമാകും അറസ്റ്റിൽ അന്തിമ തീരുമാനം എടുക്കുക. 

  • മധുകൊലക്കേസ്: സാക്ഷികളുടെ തുടർ കൂറുമാറ്റം പ്രതിസന്ധി, വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം വേണം : സ്പെഷ്യൽ പ്രോസിക്യൂട്ടർ

അട്ടപ്പാടി മധുകൊലക്കേസിൽ ( Attappadi Madhu Murder Case) പ്രോസിക്യൂഷൻ സാക്ഷികളുടെ (Prosecution Witnesses) തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special Prosecutor) രാജേഷ് എം മേനോൻ (Rajesh M Menon). മൊഴിമാറ്റം തടയാൻ വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കണം.പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിനാൽ, പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ അവസരമുണ്ടായി. ഇതും തിരിച്ചടിയായെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്‍റെ കുടുംബവും ആരോപിച്ചിരുന്നു.