Asianet News MalayalamAsianet News Malayalam

മധുകൊലക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ട‍ർക്ക് ഒരു രൂപ പോലും നൽകാതെ സർക്കാ‍ർ,രേഖാമൂലം നൽകിയ കത്തിനും മറുപടിയില്ല

നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാൾക്ക് 291 രൂപ കൂലി കിട്ടും.അപ്പോഴാണ്, മധുകേസിൽ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ.ആ തുകയാണ് കൊടുക്കാതെ കുടിശ്ശിക വയ്ക്കുന്നത്.കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം.മേനോൻ കഴിഞ്ഞ ദിവസം കളക്ടർക്ക് കത്തുനൽകി.

The government has not paid a single rupee to the special prosecutor in the Madhu murder case
Author
First Published Sep 20, 2022, 8:43 AM IST

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് സർക്കാർ ഇതുവരെ ഒരു രൂപ പോലും ഫീസോ, ചെലവോ നൽകിയില്ല.
വിചാരണ നാളിലെ ചെലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം.മേനോൻ കളക്ടർക്ക്  ചെലവ് കണക്ക് സഹിതം കത്തയച്ചു.സർക്കാരിന് താത്പര്യമുള്ള കേസിൽ ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴാണ്, ഏറെ പ്രമാദമായ മധുകൊലക്കേസിൽ വക്കീലിന് ഫീസ് കൊടുക്കാൻ പോലും സർക്കാർ മടിക്കുന്നത്.

സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോന് ഫീസ് നൽകുന്നില്ലെന്ന പരാതി മധുവിൻ്റെ അമ്മ മല്ലി മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ നേരിട്ട് കണ്ട് അറിയിച്ചു . ഇതുവരെ 40ലേറെ തവണ രാജേഷ് എം.മേനോൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാ ചെലവോ , വക്കീലിന് നൽകിയിട്ടില്ല.

240 രൂപയാണ് ഒരു ദിവസം ഹാജരായാൽ വക്കീലിന് നൽകുക.1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. വഒരു ദിവസം കോടതിയിൽ ഹാജരായി മൂന്ന് മണിക്കൂർ ചെലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കിൽ അത് 170 ആയി കുറയും.ഈ തുകയ്ക്ക് ഒരു വക്കീലിനെ കിട്ടിയത് തന്നെ ഭാഗ്യം.

കേസിൽ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി.ഗോപിനാഥ് ന്യായമായ ഫീസ് അല്ല സർക്കാർ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.
നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാൾക്ക് 291 രൂപ കൂലി കിട്ടും.അപ്പോഴാണ്, മധുകേസിൽ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ.ആ തുകയാണ് കൊടുക്കാതെ കുടിശ്ശിക വയ്ക്കുന്നത്.കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടി രാജേഷ് എം.മേനോൻ കഴിഞ്ഞ ദിവസം കളക്ടർക്ക് കത്തുനൽകി.

സർക്കാരിന് താത്പര്യക്കൂടുതലുള്ള പല കേസുകളിലും ലക്ഷങ്ങളാണ് അഭിഭാഷകർക്കായി നൽകുന്നത്.എന്നിട്ടും മധുകേസിൽ ഒരു രൂപപോലും
സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഇതുവരെ നൽകിയിട്ടില്ല.

പ്രതിപക്ഷം വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടർമാർക്ക് കൃത്യമായ പണം നൽകാറുണ്ടെന്നും അതിൽ അനിശ്ചിതത്വം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. മധു കൊലക്കേസ് സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുട മറുപടി. 

ഇതിനിടെ അട്ടപ്പാടി മധുകൊലക്കേസിൽ 49 മുതൽ 53 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും. 49ാം സാക്ഷി യാക്കൂബ്,50ാം സാക്ഷി യാക്കൂബ്, 51ാം സാക്ഷി ഷൌക്കത്ത്,52 ാം സാക്ഷി മുസ്തഫ 53 ാം സാക്ഷി രവി എന്നിവരെയാണ് മണ്ണാർക്കാട് എസ്സി എസ്ടി വിചാരണക്കോടതി വിസ്തരിക്കുക.എല്ലാവരും വിവിധ മഹ്സറുകളിൽ ഒപ്പുവച്ചവരാണ്.കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാൽ 11
പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ഇന്നലെ ശരിവച്ചിരുന്നു. പിന്നാലെ വൈകീട്ട് 5 മണിയോടെ 11 പേരും വിചാരണക്കോടതിയിൽ കീഴടങ്ങി. പ്രതികൾ നേരിട്ടും ഇടനിലക്കാർ വഴിയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു കണ്ടെത്തൽ.

കോടതിയെ തെറ്റിദ്ധരിപ്പിച്ച 29ാം സാക്ഷി സുനിലിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതിൽ തീർപ്പ് കൽപ്പിച്ച ശേഷമാകും മധുവിന്റെ കുടുംബത്തിന്‍റെ വിസ്താരം

മധു വധക്കേസ്; ജാമ്യം റദ്ദാക്കപ്പെട്ട 11 പ്രതികളും കോടതിയിൽ കീഴടങ്ങി

Follow Us:
Download App:
  • android
  • ios