
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ സ്വീകരിച്ചു.
മധുവധക്കേസ് വിചാരണ വേളയിലായിരുന്നു അമ്മ മല്ലിയെയും സഹോദരിയെയും രണ്ട് പേർ ഭീഷണിപ്പെടുത്തിയത്. മുക്കാലിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രം നടത്തിപ്പുകാരായ അബ്ബാസ്, ഷിഫാൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മധു വധക്കേസിൽ നിന്ന് പിന്മാറണമെന്നും പിന്മാറിയില്ലെങ്കില്‍ ജീവനോടെ കാണില്ലെന്നും പറഞ്ഞ് ഷിഫാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മല്ലിയമ്മയുടെ പരാതി. കേസില്‍ നിന്ന് പിന്മാറാന്‍ 40 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു.
ഭീഷണിക്കേസിൽ വിചാരണ ആരംഭിക്കാനിരിക്കേയാണ് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് വരെ കേസിന്റെ വിചാരണ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മല്ലി അപേക്ഷ നൽകിയത്. അതേസമയം മല്ലിയുടെ അപേക്ഷ പുനഃപരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ജഡ്ജി ജോമോൻ ജോൺ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി മണ്ണാർക്കാട് സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.ജയൻ ഹാജരായി. കേസിൽ പ്രതി അബ്ബാസിൻറെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam