Asianet News MalayalamAsianet News Malayalam

പ്രാർത്ഥന സഫലം: അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി; നാളെ ആശുപത്രി വിടും

രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു.

child angamaly recovering her health will discharged on tomorrow
Author
Kochi, First Published Jul 3, 2020, 5:58 AM IST

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞ് നാളെ ആശുപത്രി വിടും. സുരക്ഷ മുൻനിർത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

കുഞ്ഞിനെയും അമ്മയെയും അങ്കമാലിയിലെ വീട്ടിൽ താമസിപ്പിക്കുന്നതിൽ സുരക്ഷ പ്രശ്നമുള്ളതിനാൽ സംരക്ഷണം ഏറ്റെടുക്കുന്നതായി ആശുപത്രിയിലെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് വനിതാ കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കൂടിയാലോചിച്ചാണ് അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കേസിന്റെ നടപടികൾ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും. 

ഭർത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18 നാണ് അച്ഛൻ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാൾ റിമാൻഡിലാണ്. കേസിൽ ഒരുമാസത്തിനകം ചാർജ് ഷീറ്റ് നൽകുമെന്ന് അങ്കമാലി സിഐ ബാബു അറിയിച്ചു.

Follow Us:
Download App:
  • android
  • ios