എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ.
തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പത്ത് വർഷം കൊണ്ട് കേരളത്തിൽ എന്തുണ്ടാക്കി എന്ന് എൽഡിഎഫ് പറയണമെന്നും പിണറായി വിജയന് ഉളുപ്പുണ്ടോ? എന്ന് പിണറായി വിജയൻ പറയണം, പിണറായി വിജയന്‍റെ നാട്ടിൽ ജീവിക്കുന്നതിൽ ലജ്ജ തോന്നുന്നു. അയ്യപ്പന്‍റെ സ്വർണം കടത്തിക്കൊണ്ടു പോയിട്ട് എന്ത് നടപടി ഉണ്ടായി? ശരിയായ അന്വേഷണം നടന്നാൽ സിപിഐഎം നേതാക്കന്മാർ അകത്തുപോകും എന്നതുകൊണ്ടാണ് അന്വേഷണം വിട്ടു കളഞ്ഞത് എന്നും സുധാകരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ വാദപ്രതികാരങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാണ് നടക്കുന്നത്. എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കവും തുടർന്ന് നേതാക്കൾ നടത്തിയ വർഗീയ ആരോപണങ്ങളും വലിയ രീതിയില്‍ ചർച്ചയാവുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശവും വലിയ വിമർശനവുമാണ് ഉയരുന്നത്. പരസ്പരം വർഗീയ ധ്രുവീകരണ ആരോപണം നടത്തുകയാണ് മുന്നണികൾ. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പരാമർശമാണ് വിവാദമായത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ന്യായീകരിച്ചു.
"നിങ്ങൾ കാസർകോട് നഗരസഭ റിസൾട്ട് പരിശോധിച്ചാൽ മതി ആർക്കെല്ലാം എവിടെയെല്ലാം ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽ പെട്ടവരേ ജയിക്കൂ. അങ്ങനെ കേരളം പോണോ? ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതല്ലേ സംഭവിക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ ജയിച്ചു വന്നവരുടെ പേരെടുത്ത് വായിച്ചുനോക്ക്. എന്താണ് നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതി. നിങ്ങളിത് ഉത്തർ പ്രദേശും മധ്യപ്രദേശുമാക്കാൻ നിൽക്കരുത്."- എന്നാണ് സജി ചെറിയാൻ പറഞ്ഞത്.



