
കണ്ണൂർ: കൊങ്കൺ റെയിൽവേ പാതയിലെ 38 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. സാധാരണയിലും 10 ദിവസം നേരത്തെയാണ് ഇത്തവണ സമയക്രമത്തിലെ മാറ്റം വരുന്നത്. പുതിയ സമയക്രമം ഒക്ടോബർ 21, ചൊവ്വാഴ്ച മുതലാണ് മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ ഒക്ടോബർ 20 വരെ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ അവസാനിക്കുന്നതോടെയാണ് ഈ മാറ്റം. പുതിയ സമയക്രമം മംഗള, നേത്രാവതി, മത്സ്യഗന്ധ എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളുടെ യാത്രാ സമയത്തിൽ മണിക്കൂറുകളുടെ വ്യത്യാസം വരുത്തും.
മൺസൂൺ കാലത്ത് സുരക്ഷ ഉറപ്പാക്കാൻ 40–75 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ട്രെയിനുകളുടെ വേഗത ഒക്ടോബർ 21 മുതൽ വർദ്ധിക്കും. ജൂൺ 15 വരെ ട്രെയിനുകൾക്ക് 110–120 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.
പ്രധാന മാറ്റങ്ങൾ
എറണാകുളം–നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) പുറപ്പെടുന്നത് പഴയ സമയത്തേക്കാൾ ഏകദേശം മൂന്ന് മണിക്കൂർ വൈകും. ഈ ട്രെയിൻ ഇനി എറണാകുളത്ത് നിന്ന് രാവിലെ 10.30-ന് പകരം ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും. മറുദിശയിൽ, നിസാമുദ്ദീൻ–എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618) മംഗലാപുരത്ത് നിന്ന് ഒരു മണിക്കൂർ നേരത്തെ രാത്രി 10.35ന് പുറപ്പെടും. ഇത് ഷൊർണ്ണൂരിൽ പുലർച്ചെ 4.10നും എറണാകുളത്ത് രാവിലെ 7.30നും എത്തും.
തിരുവനന്തപുരം–ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) ഇനി രാവിലെ 9.15നാണ് പുറപ്പെടുക. ഈ മാറ്റം തുടർന്നുള്ള സ്റ്റേഷനുകളിൽ നേരിയ കാലതാമസത്തിന് കാരണമാകും. ഈ ട്രെയിൻ എറണാകുളം ജംഗ്ഷനിൽ ഉച്ചയ്ക്ക് 1.45നും ഷൊർണ്ണൂരിൽ വൈകിട്ട് 4.20നും കോഴിക്കോട് വൈകിട്ട് 6 മണിക്കും കണ്ണൂരിൽ 7.32നും എത്തും.
ലോകമാന്യ തിലക്–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) നിലവിലെ സമയത്തേക്കാൾ 1 മണിക്കൂറും 30 മിനിറ്റും നേരത്തെ എത്തും. ഈ ട്രെയിൻ മംഗലാപുരത്ത് പുലർച്ചെ 4.20നും കണ്ണൂരിൽ 6.32നും കോഴിക്കോട് 8.07നും ഷൊർണ്ണൂരിൽ 10.15നും എറണാകുളത്ത് 12.25നും തിരുവനന്തപുരത്ത് വൈകിട്ട് 6.05-നും എത്തിച്ചേരും.
മംഗലാപുരം-മുംബൈ മത്സ്യഗന്ധ എക്സ്പ്രസ് (12620) ഉച്ചയ്ക്ക് 12.45-ന് പകരം 2.20-ന് പുറപ്പെടും. മടക്ക സർവീസ് (12619) വൈകിട്ട് 3.20-ന് പുറപ്പെട്ട് മംഗലാപുരത്ത് രാവിലെ 7.40-ന് എത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam