
തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. തൃശൂരിൽ ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തിയിട്ടുണ്ട്. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഒരേ ചിന്തയിൽ വളരണം. രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചൻ പ്രശംസിച്ചു.
നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും പറഞ്ഞു. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താൻ. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി ഗോപാലകൃഷ്ണൻ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാൻ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങൾ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീൻ അലി പറഞ്ഞു.
ഔസേപ്പച്ചനെയും ഫക്രുദ്ദീൻ അലിയെയും ബി ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയിൽ ചേർന്ന് നിയമസഭയിൽ മത്സരിക്കാനാണ് ക്ഷണം. ബിജെപിക്ക് ഒപ്പം അണിചേരണമെന്ന് ഔസേപ്പച്ചനോടും ഫക്രുദ്ദീൻ അലിയോടും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. വാതിൽ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യമെന്നും വികസനത്തിന്റെ കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam