
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പുതിയ ടൈംടേബിൾ 2026 ജനുവരി ഒന്നു മുതൽ നിലവിൽ വരും. കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രമത്തിൽ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ അനുസരിച്ച് തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്സ്പ്രസ് എറണാകുളം ടൗണിൽ 30 മിനിറ്റ് നേരത്തെ എത്തിച്ചേരും. പഴയ സമയമായ 11.10നു പകരം രാവിലെ 10.40നാണ് എത്തുക. എന്നാൽ തിരുവനന്തപുരത്ത് നിന്നുള്ള പുറപ്പെടൽ സമയത്തിൽ മാറ്റമില്ല.
പുതിയ ടൈംടേബിളിൽ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. അതുപോലെ, ചെങ്കോട്ട വഴിയോടുന്ന കൊല്ലം–ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തെ ചെന്നൈയിലെത്തുമെന്ന് റെയിൽവേ അറിയിച്ചു. വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05നാണ് ട്രെയിൻ എത്തുന്നത്. കൂടാതെ, ദില്ലി–തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തും. ഇടയിലുള്ള സ്റ്റേഷനുകളിൽ സമയങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും തിരുവനന്തപുരത്തെ എത്തിച്ചേരൽ സമയത്തിൽ മാറ്റമില്ല.
ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ സുപ്രധാന പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. കോട്ട - നഗ്ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ഈ നിർണ്ണായക പരിശോധന. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പരീക്ഷണ ഓട്ടത്തിന്‍റെ വീഡിയോ എക്സിൽ പങ്കുവെച്ചു. ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഈ ട്രെയിൻ ഉടൻ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന സൂചനയാണ് ഈ പരീക്ഷണം നൽകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam