ഷാഹിദാ കമാലിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ മാപ്പ് എഴുതി നല്‍കി

By Web TeamFirst Published Jan 22, 2020, 4:19 PM IST
Highlights

വിഷയം വ്യക്തിപരമായല്ല കാണുന്നതെന്നും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
 

മലപ്പുറം: വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍  ഓട്ടോറിക്ഷ ഡ്രൈവർ കുറ്റം സമ്മതിച്ച് മാപ്പ് എഴുതി നല്‍കി. എന്നാല്‍, വിഷയം വ്യക്തിപരമായല്ല കാണുന്നതെന്നും സാമൂഹ്യപ്രശ്നമെന്ന നിലയില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു.

മലപ്പുറത്ത് നടന്ന വനിതാകമ്മീഷൻ അദാലത്തില്‍ നേരിട്ടെത്തിയാണ് അങ്ങാടിപുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ അസ്ക്കറലി മാപ്പ് എഴുതി നല്‍കിയത്. തെറ്റാണ് ചെയ്തതെന്നു ബോധ്യപെട്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും  വനിതാ  കമ്മീഷന്  അസ്ക്കര്‍ അലി എഴുതി നല്‍കി.

ഇതൊരു ഒറ്റപെട്ട സംഭവമായി കാണാനാവില്ലെന്ന് ഷാഹിദാകമാല്‍ പറഞ്ഞു.യാത്രക്കാരോടുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മനോഭാവത്തില്‍ മാറ്റം വരണം.ഇതിനായി അങ്ങാടിപ്പുറത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നടത്താൻ ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഷാഹിദാകമാല്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ  ഷാഹിദ കമാലിനോട് ഓട്ടോറിക്ഷ  ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തത്.

Read Also: ചെറിയ ദൂരം ഓടില്ല'; വനിതാ കമ്മീഷൻ അംഗത്തെ ഓട്ടോയില്‍ നിന്ന് ഡ്രൈവര്‍ ഇറക്കിവിട്ടു, സംഭവം അങ്ങാടിപ്പുറത്ത്

click me!