പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സംസ്ഥാന വനിതാ കമ്മീഷൻ  അംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടു. ബുധനാഴ്ച നടക്കുന്ന വനിതാ കമ്മീഷൻസിറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി ചൊവാഴ്ച രാവിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

രാവിലെ ആറരയോടെ കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയതാണ് കമ്മിഷൻ അംഗം. തുടർന്ന് ഗസ്റ്റ്ഹൗസിലേക്ക് പോകാൻ ഓട്ടോയിൽ കയറി. എന്നാൽ ചെറിയ ദൂരം ഓട്ടം പോകില്ലെന്നും ഇറങ്ങി പോകണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍ ആക്രോശിക്കുകയാരുന്നെന്ന് ഷാഹിദ കമാൽ പറയുന്നു. 

സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. ബുധനാഴ്ച മലപ്പുറത്ത്  നടക്കുന്ന വനിത കമ്മിഷൻ സിറ്റിങ്ങിൽ ഓട്ടോറിക്ഷയുമായി ഹാജരാകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.