അവിനാശി അപകടം: പരിക്കേറ്റവർക്ക് നാട്ടിൽ ചികിത്സ സർക്കാർ വകയെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Mar 1, 2020, 2:50 PM IST
Highlights

അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ഇപ്പോഴും ഓർമ്മ തിരിച്ചു കിട്ടിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചവിവരമൊന്നും ബിൻസി അറിഞ്ഞിട്ടുമില്ല

കണ്ണൂര്‍: അവിനാശി അപകടത്തിൽപ്പെട്ട് കോയമ്പത്തൂരിൽ ചികിത്സയിലുള്ളവർ കേരളത്തിലെത്തിയാൽ എല്ലാ ചികിത്സയും സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. തൃശൂർ സ്വദേശി ബിൻസിയുടെ തുടർചികിത്സയെക്കുറിച്ചുള്ള കുടുംബത്തിന്‍റെ ആശങ്കയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. 

അവിനാശി അപകടം: പരിക്കേറ്റ ആളെ നിര്‍ബന്ധിച്ച് ഡിസ്‍ചാര്‍ജ് ചെയ്യാന്‍ ശ്രമം, പരാതിയുമായി കുടുംബം

കഴിഞ്ഞ മാസം 20 ന് അവിനാശിയിൽ നടന്ന അപകടത്തിലാണ് തൃശ്ശൂർ സ്വദേശി ബിൻസിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റത്. അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ഇപ്പോഴും ഓർമ്മ തിരിച്ചു കിട്ടിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചവിവരമൊന്നും ബിൻസി അറിഞ്ഞിട്ടുമില്ല. പലപ്പോഴും ഞെട്ടിയുണരും. ഈ സ്ഥിതിയിലുള്ള ബിൻസിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന്  അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതര്‍ നീക്കം നടത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. ചികിത്സാ ചെലവ് വഹിക്കുന്നത് നിലവില്‍ സര്‍ക്കാരാണ്.

പലപ്പോഴും ബോധം മറയുന്ന ബിന്‍സി സാധാരണ ആരോഗ്യ നിലയിലേക്ക്  ഇതുവരെ തിരിച്ച് വന്നിട്ടില്ല. കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍ത് നാട്ടിലെത്തിയാലുള്ള തുടര്‍ചികിത്സയെ കുറിച്ചുള്ള ആശങ്കയും കുടുംബം പങ്കുവെച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. 

  

click me!