കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുന്നത് നിലവില്‍ സര്‍ക്കാരാണ്.

കോയമ്പത്തൂര്‍: പത്തൊമ്പത് പേര്‍ മരിച്ച അവിനാശി അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആളെ നിര്‍ബന്ധിച്ച് ഡിസ്‍ചാര്‍ജ് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് പരാതി. തൃശ്ശൂർ സ്വദേശി ബിൻസിയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ബിന്‍സിയുടെ ചികിത്സ നടക്കുന്നത്. യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുന്നത് നിലവില്‍ സര്‍ക്കാരാണ്.

പലപ്പോഴും ബോധം മറയുന്ന ബിന്‍സി സാധാരണ ആരോഗ്യ നിലയിലേക്ക് ഇതുവരെ തിരിച്ച് വന്നിട്ടില്ല. ഈ സ്ഥിതിയില്‍ ബിന്‍സിയെ ഡിസ്‍ചാര്‍ജ് ചെയ്യുന്നത് ശരിയല്ലെന്ന് ബിന്‍സിയുടെ അച്ഛന്‍ പറഞ്ഞു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍ത് നാട്ടിലെത്തിയാലുള്ള തുടര്‍ചികിത്സയെ കുറിച്ച് ഇതുവരെ ഒരു ഇവര്‍ക്ക് ഒരു അറിയിപ്പും കിട്ടിയിട്ടല്ല. ആശങ്കയിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. 

അതേസമയം അവിനാശി ദുരന്തിന് കാരണക്കാരായ കണ്ടെയ്നർ ലോറിക്കെതിരെ എന്ത് നടപടി എടുത്തു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി.വാഹനത്തിൽ സ്പീഡ് ഗവേണർ, വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ ഉണ്ടായിരുന്നോ എന്നും അമിതവേഗത്തിലായിരുന്നോ, അമിതഭാരം കയറ്റിയിരുന്നോ എന്നീ കാര്യങ്ങളും അറിയിക്കണം. അടുത്ത വെള്ളിയാഴ്ച റിപ്പോര്‍ട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.