
കാസര്‍കോട്: യോഗി ആദിത്യനാഥിന്‍റെ കത്ത് പുറത്തുവന്നതോടെ സിപിഎം ബിജെപി ബന്ധം തെളിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാതയാണ് കേരള സർക്കാരും പിന്തുടരുന്നതെന്നും ആഗോള അയ്യപ്പ സംഗമം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സർക്കാരിന്‍റെ നീക്കമെന്നും, ഭഗവാന് എന്തിനാണ് പാറാവ് എന്നാണ് പണ്ട് നായനാർ ചോദിച്ചത്, ഇപ്പോൾ അയ്യപ്പന് പാറാവ് നിർത്തേണ്ട അവസ്ഥയാണ്. എൻഎസ്എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നത് സർക്കാരിന്‍റെ നിഗൂഢത മനസ്സിലാക്കാതെയാണ്. കാര്യങ്ങൾ വ്യക്തമാകുമ്പോൾ അവർ നിലപാട് മാറ്റും എന്നും ഉണ്ണിത്താന്‍ പ്രതികരിച്ചു.
ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ സന്ദേശം എത്തിയെന്ന് പറഞ്ഞ മന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെ സന്ദേശം പരസ്യപ്പെടുത്തുകയും ചെയ്തു. നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉൾപ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പേര് പോലെ ആഗോള സംഗമം തന്നെയാണ്. ശബരിമലയുടെ വികസനത്തിനായി കേരള ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. സംഗമത്തിന് തമിഴ്നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചു. മികച്ച അനുഭവം ആകുമെന്നായിരുന്നു തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബുവിന്‍റെ പ്രതികരണം.