
കൊച്ചി: ശബരിമലയിൽ ദർശനത്തിന് വിശ്വാസികളെ അനുവദിക്കാനുള്ള സർക്കാരിന്റെയും ദേവസ്വം ബോർഡിൻ്റെയും തീരുമാനത്തിനെതിരെ ശബരിമല അയ്യപ്പ സേവാ സമാജം ഹൈക്കോടതിയിൽ. സർക്കാർ തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മിഥുന മാസ പൂജയ്ക്കും, ഉൽസവത്തിനും ഭക്തരെ പ്രവേശിപ്പിക്കാനുള്ള തീരുമാനമാണ് ചോദ്യം ചെയ്യുന്നത്.
തന്ത്രിയും,ഭൂരിപക്ഷം ഹൈന്ദവ സംഘടനകളും എതിർത്തിട്ടും സർക്കാർ കൊവിഡ് കാലത്ത് തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നാണ് ആരോപിക്കുന്നത്. കോവിഡ് രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നുമാവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ 11 ന് വിഷയം ചർച്ച ചെയ്യാൻ നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്.
ക്ഷേത്രങ്ങൾ തുറക്കുന്ന കാര്യത്തിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന യോഗത്തിൻ്റെ പശ്ചാത്തലത്തിൽ വെർച്ചൽ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനം.
അതേസമയം ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തന്ത്രികുടുംബത്തിൽ അഭിപ്രായ ഐക്യമില്ലായിരുന്നുവെന്നാണ് സൂചന. ക്ഷേത്രം തുറക്കാം എന്ന ദേവസ്വം ബോർഡിൻ്റെ നിലപാടിനെ മുതിർന്ന തന്ത്രി കണ്ഠരര് രാജീവര് പിന്തുണച്ചപ്പോൾ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആ ഘട്ടത്തിൽ പ്രത്യേകിച്ച് നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാൽ പിന്നീടാണ് അന്യസംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നടക്കം ഭക്തർ വരുന്ന സാഹചര്യത്തിൽ ക്ഷേത്രം തുറന്നു കൊടുക്കരുതെന്ന നിലപാട് മഹേഷ് മോഹനര് സ്വീകരിച്ചതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam