
കണ്ണൂർ: കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ച പി കെ മുഹമ്മദിൻ്റെ ഖബറടക്കം ഇരിട്ടിയിൽ നടത്തും. ക്യാൻസർ രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന മുഹമ്മദിനെ ആശുപത്രിയിലെത്തിക്കാൻ വൈകി എന്ന് ആക്ഷേപമുണ്ട്. മകന് രോഗം സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് മുഹമ്മദിനെ കൊവിഡ് പരിശോധന നടത്തിയത്.
കണ്ണൂർ ഇരിട്ടി പയഞ്ചേരി മുക്ക് സ്വദേശിയായ പി കെ മുഹമ്മദ് ഇന്നലെ രാത്രിയാണ് മരിച്ചത്. 70 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ലിവർ ക്യാൻസറും ഉണ്ടായിരുന്ന ഇയാൾ മെയ് 22 നാണ് മസ്കറ്റിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യ, മകൻ, മകന്റെ ഭാര്യ എന്നിവരോടൊപ്പം കണ്ണൂരിൽ വിമാനം ഇറങ്ങിയ മുഹമ്മദ് ഇരിട്ടിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
മെയ് 29ന് ഇയാളുടെ മകന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് ഇരിട്ടി പോലീസിനെ അറിയിക്കാതെ കൂത്തുപറമ്പ് ബന്ധുവീട്ടിലേക്ക് വന്നതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് മുഹമ്മദിനും ഭാര്യയ്ക്കും മകന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. ആരോഗ്യ നിലവഷളായ മുഹമ്മദിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ഐസിയുവിലേക്ക് മാറ്റും മുമ്പേ മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam