'ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ കച്ചവടം'; സ്പ്രിംക്ലര്‍ വിവാദത്തില്‍ ബി ഗോപാലകൃഷ്ണന്‍

By Web TeamFirst Published Apr 18, 2020, 4:29 PM IST
Highlights

കേരള സർക്കാരിന്റെ ഒരു ശമ്പളക്കാരന് ഓരോ മലയാളിയുടെയും വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വിദേശ കമ്പനിക്ക് കൈമാറാൻ അധികാരമുണ്ടായെന്നുള്ളതാണ് ചോദ്യം

തിരുവനന്തപുരം: ഐടി സെക്രട്ടറിക്ക്  തോന്നിവാസം ചെയ്യാനുള്ളതാണോ കേരള സര്‍ക്കാരെന്ന ചോദ്യവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രി സ്വയം രക്ഷപെടാൻ ഐടി സെക്രടറിയെ ബലിയാടാക്കുകയാണെന്നും സ്പ്രിംക്ലര്‍ വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ലാവലിനിൽ നടന്ന പോലെ ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി.

ഐടി സെക്രട്ടറിയുടെ വെളിപ്പടുത്തലുകള്‍ സ്പ്രിംക്ലർ വിഷയത്തിലെ ദുരൂഹത വർധിപ്പിക്കുകയാണ്. ഭരണപരമായി മുഖ്യമന്ത്രി മറുപടി പറയേണ്ട ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. എന്ത് കൊണ്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നുള്ളതും ദുരൂഹതയുണര്‍ത്തുന്നുലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരള സർക്കാരിന്റെ ഒരു ശമ്പളക്കാരന് ഓരോ മലയാളിയുടെയും വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ വിദേശ കമ്പനിക്ക് കൈമാറാൻ അധികാരമുണ്ടായെന്നുള്ളതാണ് ചോദ്യം.  

സംസ്ഥാനത്തെ പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറുന്ന കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അറിയിച്ചിരുന്നോയെന്നും മുഖ്യമന്ത്രി മറുപടി പറയണം. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്ന് അറിഞ്ഞിട്ടും ഐടി സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് നിയമനടപടികൾ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.  

ഈ വിവാദം വന്നത് മുതൽ മുഖ്യമന്ത്രിയുടെ മകൾ നേതൃത്വം നൽകുന്ന കമ്പനിയുടെ വെബ്ബ്സൈറ്റ് അടഞ്ഞ് കിടക്കുന്നതിന്‍റെ കാരണം രക്ഷപെടാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്‍റെ ഭാഗമാണന്ന ആരോപണത്തോടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. 

click me!