കാലവര്‍ഷം: സാധാരണ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, പ്രളയ സാധ്യത തള്ളാതെ തമിഴ്നാട് വെതര്‍മാന്‍

By Elsa Tresa JoseFirst Published Apr 18, 2020, 4:17 PM IST
Highlights

കേരളത്തില്‍ ഈ വര്‍ഷവും കാലവര്‍ഷം കനത്തേക്കുമെന്ന് തമിഴ്നാട് വെതര്‍മെന്‍. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: കനത്ത മഴയില്‍ കേരളം ഹാട്രിക് അടിക്കുമെന്ന പ്രവചനവുമായി തമിഴ്നാട് വെതര്‍മെന്‍. കാലാവസ്ഥ സംബന്ധിച്ച പ്രവചനങ്ങളുടെ കൃത്യതയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള തമിഴ്നാട് വെതര്‍മാര്‍ ഈ വര്‍ഷവും കേരളത്തില്‍ പതിവില്‍ കവിഞ്ഞ മണ്‍സൂണിനാണ് സാധ്യതയെന്നാണ് പ്രവചിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലാണ് തമിഴ്നാട് വെതര്‍മെന്‍റെ പ്രവചനം. തമിഴ്നാട് വെതര്‍മെന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പ്രവചനം നടത്താറുള്ള വ്യക്തിയാണ് ആര്‍ പ്രദീപ് ജോണ്‍. മീറ്ററോളജിസ്റ്റ് അല്ലാത്ത പ്രദീപ് ജോണ്‍ ഇതിന് മുന്‍പ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായിരുന്നു. ഇന്ത്യയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മഴയെക്കുറിച്ചുമുള്ള പ്രദീപ് ജോണിന്‍റെ നിരീക്ഷണങ്ങള്‍ നിരവധിയാളുകളാണ് പിന്തുടരുന്നത്. 

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ ജൂണിനും സെപ്തംബറിനും ഇടയില്‍ സാധാരണ നിലയില്‍ 2049 മില്ലിമിറ്റര്‍ മഴയാണ് ലഭിക്കാറ്. ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ മണ്‍സൂണ്‍ മഴ കുറവായിരുന്നു. 2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അതിന് ശേഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിന് കാര്യമായിരുന്നില്ല. എന്നാല്‍ 2018ല്‍ 2517 മില്ലിമീറ്റര്‍ മഴയാണ് കാലവര്‍ഷത്തില്‍ ലഭിച്ചത്. 2007ല്‍ ലഭിച്ച മഴയേക്കാള്‍ കുറവായിരുന്നെങ്കിലും 2018ലും 2019ലും കാലവര്‍ഷം വലിയ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചത്. ഇതിന് മുന്‍പ് ഇത്തരത്തില്‍ കാലവര്‍ഷവും വെള്ളപ്പൊക്കവുമുണ്ടായ 1922, 1923, 1924 വര്‍ഷങ്ങളില്‍ 2300 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചതെന്ന് തമിഴ്നാട് വെതര്‍മെന്‍ വിശദമാക്കുന്നു. നിലവിലെ സ്ഥിഗതികള്‍ അനുസരിച്ച് 2300മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അത്ഭുതമില്ലെന്ന്  വെതര്‍മാന്‍ പറയുന്നു. 

എന്നാല്‍ കാലവര്‍ഷം സാധാരണമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂണ്‍ 1ന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം വിശദമാക്കിയത്. എന്നാല്‍ തമിഴ്നാട് വെതര്‍മാന്‍റെ പ്രവചനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കാലവര്‍ഷത്തേക്കുറിച്ച് അമേരിക്കയിലെ വെതര്‍ കമ്പനിയും നടത്തിയിട്ടുള്ള പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഇന്ത്യയില്‍ ലഭിക്കുമെന്നാണ് വെതര്‍ കമ്പനിയും വിശദമാക്കുന്നത്. കേരളത്തിലും കര്‍ണാടകത്തിന്‍റെ തീരപ്രദേശങ്ങളിലും പതിവില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് വെതര്‍ കമ്പനിയുടെ മീറ്ററോളജിസ്റ്റ് ആയ ടോഡ് ക്രോഫോഡ് പറയുന്നത്. 
 

click me!