സ്വര്‍ണക്കടത്തിന് കൊടി പിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍: കടത്താൻ ഒരു കൂട്ടര്‍, കവരാൻ മറ്റൊരു കൂട്ടര്‍

Published : Jul 30, 2022, 10:03 PM IST
സ്വര്‍ണക്കടത്തിന് കൊടി പിടിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍: കടത്താൻ ഒരു കൂട്ടര്‍, കവരാൻ മറ്റൊരു കൂട്ടര്‍

Synopsis

കണ്ണൂർ ഇരിട്ടിയിൽ  കൊവിഡ് ആംബുലൻസിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി എസ്.ഡി.പി.ഐ പ്രവർത്തകര്‍ കാല് അടിച്ചു അടിച്ചു തകർത്ത സംഭവത്തിന് കാരണവും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പകയാണ്.    

കണ്ണൂര്‍: കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്വ‍ർണ്ണക്കടത്ത് മാത്രമല്ല,  കടത്ത് സ്വർണ്ണം കവർച്ച ചെയ്ത് സ്വന്തമാക്കുന്ന സംഘങ്ങളും സജീവമാണ്. വിദേശത്ത് നിന്ന് സ്വർണ്ണം കടത്തി കൊണ്ടുവരുന്ന ക്യാരിയർമാരെ സ്വാധീനിച്ചും ആക്രമിച്ചുമൊക്കെയാണ് ഈ തട്ടിപ്പ് സംഘം സ്വർണ്ണം കൈക്കലാക്കുന്നത്. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം കൊണ്ടും കടത്തുസ്വ‍ർണ്ണമായതിനാൽ പരാതികൾ ഉണ്ടാകാത്തതിനാലും ഈ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന് കഴിയുന്നില്ല.

2021 ജൂൺ 21 ന് കരിപ്പൂ‍ർ - കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് അന്നേദിവസം വിമാനത്താവളത്തിന് പുറത്ത് എത്തിയ ചുവന്ന സ്വിഫ്റ്റ് കാറിനെക്കുറിച്ചും അതിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അർജ്ജുൻ ആയങ്കിയെക്കുറിച്ചും കേരളം ആദ്യമായി അറിയുന്നത്.  രാത്രികാലങ്ങളിൽ സ്വർണ്ണം കടത്തുകയും  മറ്റ് ക്യാരിയർമാരെ അക്രമിച്ചും സ്വാധീനിച്ചും സ്വ‍ർണ്ണം  കൈക്കലാക്കുകയും ചെയ്യുന്ന കുറ്റവാളിയാണ് ഇയാളെന്ന് കേട്ട് കണ്ണൂരുകാർ  അമ്പരന്നുപോയതിന് ഒരു കാരണമുണ്ട്.  

സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തിയിരുന്ന സൈബർ പോരാളിയായിരുന്നു ആയങ്കി. കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ ഇതിന് മുമ്പ് പലതവണ സ്വർണ്ണം പൊട്ടിക്കൽ ക്വട്ടേഷൻ അ‍ർജ്ജുൻ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.  ആയങ്കിയെ നിയന്ത്രിക്കുന്നതാകട്ടെ ടിപി വധക്കേസ് പ്രതികളായ കൊടി സുനി, കിർമ്മാണി മനോജ്, മുഹമ്മദ് ഷാഫി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.... ഇങ്ങനെ അർജ്ജുൻ ആയങ്കിയുടെ സംഘത്തിൽ തന്നെയുണ്ട്  അൻപതോളം പേർ.

 സ്വർണ്ണക്കടത്തിനായി പണം ഇറക്കിയ ആളിൽ നിന്നും സ്വർണ്ണം കവരാൻ ഇവർ ആദ്യം ക്യാരിയ‍ർമാരെ സ്വാധീനിക്കും. വിമാനത്താവളത്തിൽ വച്ചുതന്നെ ക്യാരിയ‍ർ മാരിൽ നിന്നും സ്വർണ്ണം കൈക്കലാക്കി പിന്നീട് അവർക്ക് സംരക്ഷണം നൽകുന്നതാണ് ഇവരുടെ സ്വർണ്ണം പൊട്ടിക്കൽ രീതി.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരകൾക്ക് അറുതിയായതോടെയാണ് പാർട്ടികളുടെ ഗുണ്ടാ സംഘങ്ങൾ സ്വർണ്ണക്കടത്ത് പിടിച്ചുപറിയിലേക്ക് കടന്നത്. സ്വർണ്ണത്തിനായി പണം ഇറക്കിയവർ അന്വേഷിച്ചിറങ്ങിയാൽ  സിപിഎം ബന്ധം  ചൂണ്ടിക്കാട്ടി കൊടിസുനിയുടെ ഭീഷണി കോളെത്തും. സുനിയും ഷാഫിയുമൊക്കെ ജയിലാണെങ്കിലും  അവിടെവച്ചും ഓപ്പറേഷൻസ് നടക്കുന്നുണ്ട്.  

സിപിഎമ്മിനെ കവചമാക്കി ഇവർ നടത്തുന്ന ക്വട്ടേഷൻ്റെ വിവരങ്ങൾ പുറത്ത് വന്നതോടെ പാർട്ടി ശുദ്ധീകരണ നടപടികൾ തുടങ്ങി. ജില്ലാ സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ച്   അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം 20ലേറെ വരുന്ന ക്വട്ടേഷൻ  സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ടു.  കോഴിക്കോടും മലപ്പുറത്തുമൊക്കെയുള്ള സ്വർണ്ണക്കടത്ത് കേസുകളിൽ മുസ്ലിംലീഗ് നേതാക്കളുടെ പേരും ഉയർന്നിട്ടുണ്ട്.  യൂത്ത് ലീഗ് നേതാവ് സുഹൈൽ ഉദാഹരണമാണ്. 

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ ഷിഹാബിന്റെ അടുപ്പം ബിജെപിയുമായിട്ടായിരുന്നു. സ്വര്‍ണക്കടത്തിൻ്റെ ഭാഗമായുള്ള ക്വട്ടേഷനുമായെത്തി രാമനാട്ടുകരയിൽ  വച്ച് അപകടത്തിൽ മരിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകരാണ്.  കണ്ണൂർ ഇരിട്ടിയിൽ  കൊവിഡ് ആംബുലൻസിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി എസ്.ഡി.പി.ഐ പ്രവർത്തകര്‍ കാല് അടിച്ചു അടിച്ചു തകർത്ത സംഭവത്തിന് കാരണവും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പകയാണ്.    

കണ്ണൂർ കൂത്തുപറമ്പിൽ സ്വർണ്ണക്കടത്ത് ക്യാരിയറെ ഒരുസംഘമെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി തെളിവുണ്ടായിട്ടും ആ കേസ് തന്നെ തേഞ്ഞുമാഞ്ഞുപോയത് പൊലീസ് ഒത്തുകളിയുടെ ഉദാഹരണം. കൈ നനയാതെ മീൻ പിടിക്കുന്ന ഇവരുടെ ആഡംബര ജീവിതമാണ് യുവാക്കളെ ക്വട്ടേഷൻ ടീമിലേക്ക് ആകർഷിക്കുന്നത്. രാത്രിയായാൽ രാഷ്ട്രീയ വത്യാസമില്ലാതെ ഇവർ  ഒരുമിക്കും.  പക്ഷെ പരാതിക്കാരില്ലാത്തും പൊലീസ് മുൻ കൈയെടുത്ത് ഈ സംഘങ്ങളെ അമർച്ച ചെയ്യാത്തതും കൊള്ള തുടരാണ് കാരണമാകുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും