
ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി. വിചാരണ നടപടികൾക്കായി ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുട്ടം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടി. കൊലപാതകം നടന്ന് നാലര വർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ തുടങ്ങിയത്.
ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന ധീരജ് രാജേന്ദ്രൻ, 2022 ജനുവരി 1നാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കൊല്ലപ്പെട്ടത്. കേസിൽ യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, നിധിൻ ലൂക്കോസ്, ജിതിൻ ഉപ്പുമാക്കൽ, സോയിമോൻ സണ്ണി, ജസിൻ ജോയ്, അലൻ ബേബി എന്നിവരാണ് പ്രതികൾ. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നൽകിയ അപ്പീലുകൾ തളളിയതിന് പിന്നാലെയാണ് വിചാരണ തുടങ്ങിയത്.
ആദ്യദിനം ഒന്നാം സാക്ഷി അഭിജിത്തിൻ്റെ വിസ്താരം പൂർത്തിയായി. ആരോഗ്യ കാരണങ്ങൾ കാണിച്ച് ഒന്നാം പ്രതി നിഖിൽ പൈലി ഹാജരായിരുന്നില്ല. മൂന്നാം പ്രതി ടോണി ഹാജകാരാതിരുന്നതിൻ്റെ കാരണം ബോധ്യപ്പെടുത്താൻ അഭിഭാഷകന് സാധിച്ചതുമില്ല. ഇതോടെ ടോണിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി മജിസ്ട്രേറ്റ് നിർദേശം നൽകി. വിചാരണ വൈകുന്നതിനെതിരെ നേരത്തെ വിമർശനങ്ങളുയർന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam