പാങ്ങപ്പാറ അഭിറാം കൊലക്കേസ്, തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റ്, സുപ്രധാന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : പാങ്ങപ്പാറയിലെ 17 കാരൻ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിരാമിന്റെ തലയോട്ടിക്ക് പരിക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നാണ് കണ്ടെത്തൽ. പ്രതിയായ 17കാരന് നടത്തിയ കൗൺസിലിങ്ങിലൂടെയാണ് കൊലപാതകത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്. കൊല നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടയിൽ തേങ്ങ കൊണ്ട് അഭിരാമിന്റെ തലയ്ക്ക് ശക്തിയായി ഇടിക്കുകയായിരുന്നു.

ഇടിയിൽ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഒമറിനെയും വിളിച്ച് വീണ്ടും മടങ്ങിയെത്തി. അർദ്ധ ബോധാവസ്ഥയിൽ കിടന്ന അഭിരാമിനെ ഉണർത്തിതിനു ശേഷമാണ് ഇരുവരും ചേർന്ന് ബെൽറ്റ് മുറുക്കിയും മറ്റും കൊല നടത്തിയത്. പ്രദേശത്ത് നടത്തിയ തെളിവെടുപ്പിൽ അഭിരാമിനെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങ കണ്ടെത്തി. കസ്റ്റഡിയിൽ ലഭിച്ച 17 കാരനെ ഇന്ന് സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റത് പോസ്റ്റ്മാർട്ടത്തിൽ തെളിഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.

പ്രണയത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതിയായ 17-കാരന്റെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായതിനെ തുടർന്ന് ഈ സുഹൃത്തിനെ ആക്രമിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. ഇതിനായി പെൺസുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു