കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്: അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം

By Web TeamFirst Published Jan 12, 2023, 9:27 AM IST
Highlights

പാർട്ടിയെ വൻ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസിൽ പ്രതികൾക്കെതിരെ സിപിഎം നടപടി സ്വീകരിച്ചിരുന്നു

കൊല്ലം: കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശികളായ ഷമീർ, തൗസീം എന്നിവർക്കാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 

പാർട്ടിയെ വൻ പ്രതിരോധത്തിലാക്കിയ ലഹരി കടത്ത് കേസിൽ പ്രതികൾക്കെതിരെ സിപിഎം നടപടി സ്വീകരിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയും  ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ലഹരിക്കടത്തിന് ഉപയോഗിച്ച  വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ നോർത്ത് ഏരിയാ സെൻറർ അംഗം എ.ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിരുന്നു. 

ലഹരിക്കടത്തിന് ഉപയോഗിച്ച  വാഹനം  വാടകയ്ക്ക് നൽകിയതിനാണ് ആലപ്പുഴ നോർത്ത് ഏരിയാ സെൻറര് അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി  സസ്‌പെൻഡ് ചെയ്തത്. രണ്ട് കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി സസ്പെൻഷൻ നടപടി എടുത്തത്. വാഹനം വാങ്ങിയപ്പോഴും വാടകയ്ക്ക് കൊടുത്തപ്പോഴും പാർട്ടിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ വീഴ്ചയും ജാഗ്രത കുറവും ഉണ്ടായി. 

വിവാദം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി.വേണുഗോപാൽ എന്നിവരാണ്  കമ്മിഷൻ അംഗങ്ങൾ. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും. കേസിലെ മൂന്നാംപ്രതിയായ  സജാദ് സിപിഎം പ്രവർത്തകനല്ലെന്ന്  ജില്ലാ സെക്രട്ടറി അറിയിച്ചു. ഡിവൈഎഫ്ഐ അംഗമാണോഎന്ന ചോദ്യത്തിന് അത് സംഘടന വ്യക്തമാക്കട്ടെ എന്നായിരുന്നു മറുപടി

പാൻമസാല ശേഖരം പിടികൂടിയ ലോറിയുടെ ഉടമകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലോറിയുടമകളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ. വാഹനം വാടകക്ക് നൽകിയിരിക്കുകയാണെന്ന് ഷാനവാസ് പൊലീസിനോടും ആവർത്തിച്ചു. ഇത് സംബന്ധിച്ച രേഖകളും കൈമാറി. മുദ്രപത്രം തയ്യാറാക്കിയ ആളുടേയും സ്റ്റാന്പ് നൽകിയ വ്യക്തിയുടേയം മൊഴി പൊലീസെടുത്തു. കരാ‍ർ രേഖകൾ വ്യാജമായി ചമച്ചതാണോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 

വാഹനം വാടകക്ക് എടുത്തെന്ന് പറയപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജയനേയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ജയനെ നേരത്തെ പരിചയമില്ലെന്നാണ് ലോറിയുടമകൾ പൊലീസിന് നൽകിയ മൊഴി. ജയനാണ് പാൻമസാല കടത്തിയതെങ്കിൽ ഷാനവാസിന്റെ സുഹൃത്തായ അൻസറിന്റെ ലോറിയിലും എങ്ങനെ ലഹരി ഉത്പന്നങ്ങൾ എത്തിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

ഇതുസംബന്ധിച്ച് ഉടമകൾ നൽകിയ മൊഴിയിലും വ്യക്തതക്കുറവുണ്ട്. ആവശ്യമെങ്കിൽ വാഹനയുടമകളെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ലഹരി ഉത്പന്നങ്ങൾ കടത്താൻ ഇത്രയധികം പണം എവിടുന്ന് കിട്ടിയെന്ന  അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് പിടിയിലായവർ ഇതുവരെയും മറുപടി നൽകിയിട്ടില്ല. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ച് ഇത് കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

 

click me!