Asianet News MalayalamAsianet News Malayalam

ലഹരിക്കടത്ത് കേസിൽ പാർട്ടിയുടെ സമാന്തര അന്വേഷണം; തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിൽ ഷാനവാസ്

വിവാദങ്ങള്‍ പുത്തരയില്ല എസ്ഡി കോളേജിലെ ഈ പഴയ എസ് എഫ് ഐ യൂണിയന് ചെയര്‍മാന്. കൊണ്ടും കൊടുത്തും കാമ്പസ് രാഷ്ട്രീയം കളിച്ചാണ് എ ഷാനവാസ് മുഖ്യധാരയിലെത്തുന്നത്

Drug trafficking case Shanavas might be re inducted to party soon
Author
First Published Jan 12, 2023, 7:52 AM IST

ആലപ്പുഴ: ലഹരിക്കടത്തില്‍ പൊലീസും സിപിഎമ്മും സമാന്തര അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ഒരിക്കൽ കൂടി പാര്‍ട്ടിയില്‍ ശക്തനായി തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് എ ഷാനവാസ്. സിപിഎം നോര്‍ത്ത് ഏരിയ കമ്മിറ്റിയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട ഇദ്ദേഹത്തിന് കരുത്തേകുന്നത് പാര്‍ട്ടിയില്‍ ഉന്നതരായ നേതാക്കളുടെ പിന്തുണയാണ്. അന്വേഷണത്തിന് പാർട്ടി കമീഷനെ നിയോഗിച്ച് മണിക്കൂറുകള്‍ക്കകം ഷാനവാസിനെതിരെ ഒരു തെളിവും ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ പരസ്യമായി പ്രഖ്യാപിക്കുച്ചത് ഷാനവാസിന്റെ പാർട്ടിയിലെ സ്വാധീനം വ്യക്തമാക്കുന്നു.

വിവാദങ്ങള്‍ പുത്തരയില്ല എസ്ഡി കോളേജിലെ ഈ പഴയ എസ് എഫ് ഐ യൂണിയന് ചെയര്‍മാന്. കൊണ്ടും കൊടുത്തും കാമ്പസ് രാഷ്ട്രീയം കളിച്ചാണ് എ ഷാനവാസ് മുഖ്യധാരയിലെത്തുന്നത്. കുറച്ച് കാലം ഗൾഫിൽ ജോലി. പിന്നെ ആശ്രമം ലോക്കല്‍ കമ്മിറ്റിയംഗമായി സിപിഎമ്മിൽ സജീവം. ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെയാണ് ജീവിതത്തില് ആദ്യതിരിച്ചടി ലഭിക്കുന്നത്. സ്വഭാവദൂഷ്യത്തിന് ഒരു യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതോടെ സിപിഎമ്മിൽ നിന്നും പുറത്താക്കി. ആറുമാസത്തിനകം കൂടുതൽ കരുത്തനായി തിരികെ എത്തി. ശരിയായ രീതിയില്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്ന് വിലയിരുത്തിയായിരുന്നു നടപടി. അന്ന് ഇതിന് ഒത്താശ ചെയ്തത് സജി ചെറിയാന്‍. ഒപ്പം ജി സുധാകരന്‍റെ പിന്തുണയും. 

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി, സിപിഎം ഏരിയാ കമ്മിറ്റി അംഗം, നഗരസഭ കൗണ്‍സിലർ സ്ഥാനങ്ങള്‍ ഒന്നൊന്നായി ഷാനവാസിനെ തേടിയെത്തി. പാർട്ടിയിലെ വളര്‍ച്ചക്കൊപ്പം സ്വന്തം ബിസിനസ് സാമ്രാജ്യവും ഷാനവാസ് വളരത്തിയെടുത്തു. റിലയൻസിനായി ഭൂഗർഭ കേബിളിടുന്ന കരാർ ജോലിയാണ് ഔദ്യോഗികമായുള്ളത്. പാർട്ടിയെ മറയാക്കി പലതും നേടിയെന്നതാണ് ഷാനവാസിനെതിരെയുള്ള പ്രധാന ആരോപണം. റിയൽ എസ്റ്റേറ്റ്, ബെനാമി സ്വത്തുക്കൾ, ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ പാർട്ടിക്ക് മുന്നിലെത്തിയ പരാതികള്‍ നിരവധി. ജെ ചിത്തരഞ്ജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാൻ വിഭാഗീയ പ്രവർത്തനം നടത്തിയെന്നപരാതികളും ഉയര്‍ന്നു. സിപിഎം ആലപ്പുഴ ഏരിയാ കമ്മറ്റി പിടിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പണം ഉൾപ്പടെ വാഗ്ദാനം ചെയ്തെന്ന ആരോപണങ്ങള്‍ വേറെ. ഒന്നും ഫലം കണ്ടില്ല.

ലഹരിക്കടത്ത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നോര്‍ത്ത് ഏരിയാകമ്മറ്റിയില്‍ 14 ല്‍ 12 പേരും നിന്നത് ഷാനവാസിനൊപ്പം. അന്വേഷണത്തിന് കമീഷനെ നിയോഗിച്ച തീരുമാനത്തിന്‍റെ മഷിയുണങ്ങും മുൻപ് ഷാനവാസിനെതിരെ ഒരു തെളിവുമില്ലെന്ന് സജി ചെറിയാന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇത്തവണ ഷാനവാസും കൂട്ടരും ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങൾ നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മറുപക്ഷം. അങ്ങിനെ സാധിച്ചില്ലെങ്കിൽ കടുത്ത വിഭാഗീയത ഒരിക്കൽ കൂടി ആലപ്പുഴയിലെ പാര്‍ട്ടിയില്‍ ആവര്‍ത്തിച്ചേക്കും.

Follow Us:
Download App:
  • android
  • ios