പൊലീസുകാരന്‍റെ ആത്മഹത്യ: റിമാന്‍ഡ് ചെയ്ത മേലുദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

By Web TeamFirst Published Aug 26, 2019, 7:44 PM IST
Highlights

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. 

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥൻ കുമാറിന്റെ മരണത്തിൽ റിമാൻഡിലുളള മുൻ ഡെപ്യൂട്ടി കമാൻഡന്റ് എല്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. മണ്ണാർക്കാട്ടെ പട്ടികജാതി പട്ടികവർഗ്ഗ സ്പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ജൂലൈ 25-നാണ് കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു.

ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുമാറിന്‍റെ മരണത്തിന് കാരണം മാനസിക പീഡനമെന്ന് കണ്ടെത്തിയതിനെ തുടർന്ന് എആർ ക്യാമ്പിലെ ഏഴ് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഈമാസം 29-ന് കോടതി പരിഗണിക്കും.

click me!