
തിരുവനന്തപുരം: മകന്റെ മരണത്തെക്കുറിച്ചുള്ള സംശയങ്ങൾ സിബിഐ അന്വേഷണത്തിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി. സ്വർണക്കടത്തുകേസിലെ ചില പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ബാലഭാസ്കറിന്റെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനവും നൽകി. തുടർന്നാണ് കേസ് സിബിഐക്ക് വിട്ട് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്വർണക്കടത്ത് കേസിൽ എൻഐഎക്ക് പുറമെ സിബിഐക്കും ഇടപെടാനുള്ള അവസരം ഈ കേസിലൂടെ കിട്ടിയിരിക്കുകയാണ്. അപകടത്തിന് പിന്നിൽ ദുരൂഹതയില്ലെന്ന ക്രൈംബ്രാഞ്ച് നിഗമനം ബാലഭാസ്‌കറിന്റെ അച്ഛൻ ഇപ്പോഴും അംഗീകരിക്കുന്നില്ല.
Also Read: ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് സിബിഐ അന്വേഷിക്കും, കേസ് ഏറ്റെടുത്തു
ദേശീയ പാതയില്‍ പള്ളിപ്പുറം 2018 സെപ്തംബര്‍ 25 ന് പുലര്‍ച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്ക് ഒപ്പം തൃശൂരില്‍ ക്ഷേത്ര ദർശനത്തിനായി പോയി മടങ്ങി വരവേയായിരുന്നു ബാലഭാസ്കറിന്റെ കാർ റോഡരികിലെ മരത്തിൽ ഇടിച്ചു തകർന്നത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായ പ്രകാശ് തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായതോടെ കേസിന് പുതിയ മാനം കൈവന്നു. അപകടം നടന്ന സ്ഥലത്തുകൂടി പോയ കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകളും സിബിഐ അന്വേഷണമെന്ന ആവശ്യത്തിന് ശക്തി പകർന്നു. അപകട സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam