
കൊല്ലം: രാഹുൽ ഗാന്ധി പ്രഖ്യാപിച്ച യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഗ്യാരന്‍റികളെ പരിഹസിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്. യുഡിഎഫ് ഭരണകാലത്ത് 600 രൂപയുടെ പെൻഷൻ 18 മാസം കുടിശ്ശിക ആയിരുന്നു. യുഡിഎഫിന്‍റെ പ്രഖ്യാപനം നടപ്പാകുന്നത് അല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മോശമെന്ന് ഇനി സതീശനും യുഡിഎഫും പറയരുത്. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 രൂപ പെൻഷൻ കൊടുക്കും എന്ന് പറഞ്ഞത്. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വലിയ പ്രഖ്യാപനം അല്ല. കട്ടപ്പുറത്തായ വണ്ടികൾ ഓടി തുടങ്ങിയത് ഈ സർക്കാരിന്‍റെ കാലത്താണ്. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്‍റിയില്‍ വലിയ പ്രതീക്ഷയിലാണ് യുഡിഎഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ ഗ്യാരന്‍റികളിൽ തീരുമാനം എടുക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. കേരളം പിടിക്കാൻ അഞ്ചിന ഗ്യാരണ്ടികളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 ആക്കും, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ അടക്കമുള്ള ഇന്ദിരാ ഗ്യാരണ്ടിയാണ് പുതുയുഗ യാത്രയുടെ സമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേക്കെത്തിച്ച രാഹുലിന്‍റെ ഗ്യാരന്‍റിയാണ് കേരളത്തിലും പരീക്ഷിക്കുന്നത്. സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെക്കുന്ന രാഹുലിന്‍റെ ഗ്യാരന്‍റി യുഡിഎഫിന്‍റെ റിയൽ പ്രകടന പത്രിക തന്നെയാണ്. മോദിയെയും പിണറായിയെം ഒരുപോലെ കുറ്റപ്പെടുത്തിയാണ് രാഹുൽ പ്രസംഗിച്ചത്. സിപിഎം ബിജെപി കൂട്ട് കെട്ടാണ് യുഡിഎഫിൻറെ പ്രധാന എതിരാളികളെന്ന് പ്രഖ്യാപിച്ചു. തന്നെ മണിക്കൂറുകൾ ഇഡി ചോദ്യം ചെയ്തിട്ടും പിണറായിയെ ഇഡി തൊടുന്നില്ല. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്. പിണറായിയെ നിയന്ത്രിക്കുന്നത് മോദി. രാഹുലിന്‍റെ സിജെപി പരാമർശം ഇനി യുഡിഎഫിന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രചാരണമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam