
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്കെതിരെ എടുത്ത നടപടി ഏകപക്ഷീയമെന്ന് ബാലകൃഷ്ണൻ പെരിയ. കോൺഗ്രസ് നേതാക്കൾ വിവാഹ ചടങ്ങിൽ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ ആയിരുന്നു കെപിസിസി നടപടി. 4 നേതാക്കളെയാണ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്‍റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവര്‍ക്കെതിരെ ആയിരുന്നു നടപടി.
നടപിടിക്ക് പിന്നാലെയാണ് പ്രതികരണവുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. കല്യാണത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല. നടപടി ഏകപക്ഷീയമാണ്. രാഷ്ട്രീയം കലരാത്ത ചടങ്ങിൽ പങ്കെടുത്തു എന്ന പേരിലാണ് പുറത്താക്കലെന്നും ബാലകൃഷ്ണൻ പറയുന്നു. പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചടങ്ങിൽ ഉണ്ടായിരുന്നു. പുറത്താക്കൽ തീരുമാനത്തിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണെന്നും ബാലകൃഷ്ണൻ ആരോപിച്ചു.
ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തു. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഇതിനായി നെറ്റിയിലെ കുറി മായ്ച്ചു. ഉണ്ണിത്താന് എതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുന്നു. ഡിസിസി പ്രസിഡന്റ് പികെ ഫൈസലും തനിക്കെതിരെ പ്രവർത്തിച്ചു. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ വിട്ടുപോകില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിയുടെ സത്കാരത്തിൽ പങ്കെടുക്കുകയും സത്കാരത്തിന് സൗകര്യം ചെയ്ത് കൊടുക്കുകയും ചെയ്തതിന് ശേഷവും പരസ്യമായി രക്തസാക്ഷി കുടുംബങ്ങളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കെപിസിസി നടപടിയെടുത്തത്.. കെപിസിസി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരാണ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതായിരുന്നു വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam