
കൊച്ചി : കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. ബാലിസ്റ്റിക് വിദഗ്ധനെ ഐ എൻ എസ് ദ്രോണാചാര്യയിൽ കൊണ്ടുപോയി പരിശോധിപ്പിക്കാൻ തീരുമാനം. ഫയറിംങ് പരിശിലനം നടത്തിയതിന്‍റെ രേഖകൾ ഹാജരാക്കാനും നാവിക സേനയോട് പൊലീസ് ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തിൽ പരിശോധനയും നടത്തി
അതേസമയം നാവിക സേന പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല സംഭവം നടന്ന ബോട്ടിൽ നിന്ന് കിട്ടിയതെന്ന് നാവിക സേന അറിയിച്ചിരുന്നു. സൈനികർ ഉപയോഗിക്കുന്ന വിധത്തിലുളള ബുളളറ്റല്ല ഇതെന്നും കൊച്ചി നാവിക കമാൻഡ് ഔദ്യോഗികമായി നിലപാട് എടുത്തിരുന്നു. ഇക്കാര്യത്തിൽ വ്യക്തയ്ക്കുവേണ്ടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നത്. ഇവിടെ പരിശീലനം നടത്തുന്ന തോക്കിലേതല്ല ബുളളറ്റെങ്കിൽ മറ്റ് സാധ്യതകൾ പരിശോധിക്കാനാണ് തീരുമാനം
മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു .
ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.
വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്
സെബാസ്റ്റ്യന്‍റെ പരിക്ക് ഗുരുതരമല്ല. കാതിൽ അഞ്ച് തുന്നലുകളുണ്ട്. ബാലിസ്റ്റിക് വിഗദ്ധരുടെ സഹായത്തോടെ അന്വേഷിക്കാനാണ് തീരദേശ പൊലീസിന്‍റെയും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam