Silver Line: വസ്തുവിന്‍റെ ക്രയവിക്രയത്തിൽ ആശങ്ക ; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നെന്ന് പരാതി

Web Desk   | Asianet News
Published : Mar 30, 2022, 06:41 AM IST
Silver Line: വസ്തുവിന്‍റെ ക്രയവിക്രയത്തിൽ ആശങ്ക ; ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നെന്ന് പരാതി

Synopsis

സർവേ നടന്നത് കൊണ്ട് വായ്പ കിട്ടാൻ തടസ്സമില്ലെന്ന് സർക്കാർ പറയുമ്പോൾ നാട്ടുകാരുടെ അനുഭവം മറിച്ചാണ്.  

കൊച്ചി: സിൽവർ ലൈൻ പദ്ധതി (silver line project)പ്രദേശത്തെ ഭൂമി(land) ഇടപാടുകള്‍ക്ക് തടസമില്ലെന്ന് സര്‍ക്കാര്‍(govt) ആവര്‍ത്തിച്ചു പറയുമ്പോഴും വസ്തുത മറിച്ചാണെന്നാണ് ജനങ്ങളുടെ അനുഭവസാക്ഷ്യം. കെ റെയില്‍ കല്ലിട്ട സ്ഥലങ്ങളില്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കരുതെന്ന് മന്ത്രിമാരടക്കം പറയുന്നുണ്ടെങ്കിലും താഴെ തട്ടില്‍ ഇത് നടപ്പാകുന്നില്ല. തൃപ്പൂണിത്തുറ ബൈപാസിനായി 34 വർഷം മുൻപ് സര്‍ക്കാര്‍ കല്ലിട്ടു പോയ അതേമേഖലകളില്‍ കെറെയിലിനായും കല്ലു വീണതോടെ ഭൂമിയുടെ മുഴുവന്‍ ക്രയവിക്രയങ്ങളും സ്തംഭിച്ച കുറേ മനുഷ്യരുടെ ജീവിതാനുഭവങ്ങളും ഇവിടെ പ്രസക്തമാണ്. ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു കെ റെയില്‍ വഴിയിലെ കേരളം.

സിൽവർ ലൈൻ വഴിയില്‍ അകപ്പെട്ടു പോയ തന്‍റെ വീടും പുരയിടവും ഒരത്യാവശ്യത്തിന് പണയം വയ്ക്കാന്‍ പോലുമാകില്ലെന്ന ഭയം പങ്കുവച്ചാണ് മാടപ്പളളിയിലെ ലൈല വര്‍ഗീസ് ഞങ്ങളുടെ ക്യാമറയ്ക്കു മുന്നില്‍ കണ്ണുനീരുതിര്‍ത്തത്. 26 ലക്ഷം രൂപയോളം ഇതോടകം ലൈലയുടെ ക്യാന്‍സര്‍ രോഗം ഭേദമാക്കാന്‍ ചെലവിട്ടു കഴിഞ്ഞു. സര്‍ക്കാരിടുന്ന മഞ്ഞകുറ്റിയില്‍ തട്ടി ഉളള കിടക്കാടത്തിന്‍റെ ക്രയവിക്രയം പോലും നിലച്ചാല്‍ ഇനിയെന്തു ചെയ്യുമെന്ന ഭീതിയില്‍ കഴിയുന്ന കുടുംബങ്ങളെ ഇനിയും കാണാം നിര്‍ദിഷ്ട കെ റെയില്‍ പാതയിലുടനീളം.

കൊച്ചി തേനി ദേശീയപാതയുടെ ഭാഗമായ തൃപ്പൂണിത്തുറ ബൈപ്പാസിനായി മൂന്ന് പതിറ്റാണ്ട് മുൻപ് സ്ഥലം വിട്ടുകൊടുത്തവരാണിവർ.പണം നൽകാതെ സ്ഥലം മരവിപ്പിച്ചിട്ട് 34 കൊല്ലമായി. ഇതേ പ്രദേശത്താണ് സിൽവർ ലൈനിനു വേണ്ടി കഴിഞ്ഞ ദിവസം വീണ്ടും മറ്റൊരു സർവേ നടത്തി കല്ലിട്ടത്.

ബൈപ്പാസിനായി സ്ഥലം മരവിപ്പിച്ചതിനാൽ സ്വന്തം ഭൂമി കൊണ്ട് ഒന്നും ചെയ്യാനാകാത്ത നിലയിലാണ് നാട്ടുകാർ.സർവേ നടന്നത് കൊണ്ട് വായ്പ കിട്ടാൻ തടസ്സമില്ലെന്ന് സർക്കാർ പറയുമ്പോൾ ഈ നാട്ടുകാരുടെ അനുഭവം മറിച്ചാണ്.

കെ റെയിൽ സർവ്വെ തുടങ്ങിയതോടെ ബാങ്ക് ഉദ്യോഗസ്ഥരും സ്ഥലങ്ങൾ പരിശോധിക്കാനെത്തിയതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ വായ്പ്പകളും ക്രമവിക്രയവും കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇവർ പറയുന്നു.

അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ല; ബാങ്കുകൾ ഓവർ സ്മാർട്ടാകരുത്-ധനമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈനിനായി(silver line) കെ റെയിൽ(k rail) എന്നെഴുതിയ അതിരടയാള കല്ലിട്ട(suvey stone) സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ(loan) തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ(finance minister kn balagopal).ലോണ്‍ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും കെ.എൻ.ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വായ്പ നിഷേധിച്ചാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട സംഭവങ്ങളിൽ പരിശോധനയുണ്ടാകുമെന്നും കെ എൻ ബാല​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസിൽ തീകോരിയിടുകയാണെന്നും ധനമന്ത്രി പറഞ്ഞു

സുപ്രീംകോടതി വിധി കുടിയൊഴിപ്പിക്കുന്നവരെ അവഗണിച്ചുള്ളത്, സമരം കൂടുതൽ ശക്തിപ്പെടുത്തും: സിൽവർ ലൈൻ വിരുദ്ധസമിതി

കൊച്ചി: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിച്ചു കൊണ്ടുള്ള  സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമർശിച്ചു.

സിൽവർ ലൈൻ പദ്ധതിക്കായുള്ള  സാമൂഹികാഘാത പഠനത്തിന്റെ  ഭാഗമായുള്ള സർവ്വേ നടത്തുന്നതിന് തടസ്സം നിൽക്കാനാവില്ലന്നെ പരാമർശത്തോടെ അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, ഈ പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ല എന്ന് സമരസമിതി വിമർശിച്ചു.

കേരളമെന്ന  അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേൽ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി. ഈ നാടിനെ സ്നേഹിക്കുന്ന ഒരാൾക്കും ഇത്തരമൊരു നിർമ്മാണം അനുവദിക്കാൻ കഴിയുകയില്ല. 

സിൽവർ ലൈൻപദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയിൽ  മുങ്ങി നിൽക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വർഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാൻ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക്‌ കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.

ജനഹിതം കണക്കിലെടുക്കാതെയുള്ള കോടതി വിധികൾ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. ആയതിനാൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ  കൂടുതൽ  ശക്തിപ്പെടുത്തും. സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനിൽക്കുന്ന നിയമവ്യവസ്ഥകളുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരമല്ല  കല്ലിടുന്നതെന്ന്  റവന്യൂ മന്ത്രി  ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. 

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയങ്ങളും ദുരൂഹതകളും അവ്യക്തതകളും തുടരുകയാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനിൽപ്പിനെയും ആവാസ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ഈ  പദ്ധതിക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി