ലഹരി ഒഴുകുന്ന പെരുമ്പാവൂര്‍; പിടികൂടിയത് 500 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍

By Web TeamFirst Published Dec 1, 2019, 2:01 PM IST
Highlights

സംസ്ഥാനത്ത് നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. വാങ്ങുന്നവരിൽ നാട്ടുകാർക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഏറെയാണ്. 

കൊച്ചി: പെരുമ്പാവൂരില്‍ 500 കിലോയോളം നിരോധിത  പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പെരുമ്പാവൂരിൽ റോഡരുകിൽ വിൽക്കുന്നെന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌ വാർത്തയെ തുടർന്നാണ് നടപടി. ഇതര സംസ്‌ഥാന തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പരിശോധനയിലും നിരോധിത  പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പെരുമ്പാവൂർ നഗരമധ്യത്തിലുള്ള റോഡരികില്‍, എക്സൈസ് സിഐ ഓഫീസിന്‍റെ മൂക്കിന് താഴെയാണ് അനധികൃത പുകയില കച്ചവടം നടക്കുന്നത്. 

സംസ്ഥാനത്ത് നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ അധികവും ഇതര സംസ്ഥാനക്കാരാണ്. വാങ്ങുന്നവരിൽ നാട്ടുകാർക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളും ഏറെയാണ്. പെരുമ്പാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ പ്രതി ലഹരി വസ്തുക്കൾ പതിവായി  ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി ഉമർ കൊലപാതകം നടത്തിയതെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പല റോഡുകളിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം വ്യാപകമാണ്. ഇരുപത് രൂപയാണ് ഒരു പാക്കറ്റിന് വില ഈടാക്കുന്നത്. 

സാധനങ്ങൾ കടത്തിക്കൊണ്ട് വരുന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് പാക്കറ്റ് പുകയിലയാണ് ആഴ്ചതോറും ഇവിടെ എത്തിക്കുന്നത്. പരാതി വ്യാപകമാകുമ്പോൾ എക്സൈസ് പരിശോധന നടത്തി പേരിന് കുറച്ച് പിടികൂടും.  ലഹരി കൂട്ടാൻ പല വിധത്തിലുള്ള പരീക്ഷണങ്ങളാണ് ഇവിടുത്തെ തൊഴിലാളികൾ നടത്തുന്നത്. പുകയില ഉൽപ്പന്നങ്ങൾക്കൊപ്പം കഞ്ചാവും ഇവിടെ ആവശ്യക്കാർക്ക് യഥേഷ്ടം കിട്ടും.  പൊലീസും എക്സൈസും പരിശോധന കർശമനാക്കിയില്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുള്ള കുറ്റകൃത്യങ്ങൾ പെരുമ്പാവൂരില്‍ ഇനിയും പെരുകും.


 

click me!