
കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകനെ പോലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനൊരുങ്ങി ബാർ അസോസിയേഷൻ. പൊലീസുകർക്കെതിരെ സർക്കാർ നടപടി എടുത്തില്ലെന്നാരോപിച്ചാണിത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം ഡിഐജി ആര്‍ നിശാന്തിനി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിക്കും.
സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും സർക്കാരിൻറെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബാർ അസോസിയേഷൻ കൂടുതൽ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതുവരെ കൊല്ലം ജില്ലയിലെ കോടതികളിൽ മാത്രമായിരുന്നു സമരം. അഭിഭാഷകർ ബഹിഷ്‌കരിച്ചതോടെ കോടതി നടപടികൾ പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
അടുത്ത ദിവസം കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്താനും കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സമരം നീണ്ടു പോകുന്നതിനെതിരെ ഒരു വിഭാഗം അഭിഭാഷകർ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം ബാർ അസോസിയേഷൻ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ചു തർക്കവുമുണ്ടായി.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന DIG ആർ. നിശാന്തിനി അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറും. അഭിഭാഷകനെ മർദിച്ചിട്ടില്ല എന്ന വാദത്തിൽ പൊലീസ് ഉറച്ചു നിൽക്കുകയാണ്. മദ്യപിച്ചു വാഹനമോടിച്ചു നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയിൽ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം കോടതി വളപ്പിൽ പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്ത അഭിഭാഷകരെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam