
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്ന കേസിൽ ബാർ കൗൺസിൽ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസിൽ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയിൽ ചേർന്ന സിറ്റിംഗിൽ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുൻപാതെ മൊഴി നൽകി.
നിയമതൊഴിൽ മേഖലയിലെ തൊഴിൽ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു വഞ്ചിയൂർ കോടതിയിൽ നടന്നത്. തിരുവനന്തപുരം സ്വദേശി അഡ്വ ബെയ്‍ലിൻ ദാസിൽ നിന്ന് ജൂനിയർ അഭിഭാഷക അഡ്വ ശ്യാമിലിയ്ക്ക് നേരിട്ട പീഡനനത്തിന്റെ ആഴം കാഴ്ചയിൽ തന്നെ ഞെട്ടിപ്പിച്ചു. പൊലീസ് കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ബെയ്‍ലിൻ ദാസ് ഇനി നേരിടേണ്ടി വരിക കേരള ബാർ കൗൺസിൽ നടപടികളാണ്. സംഭവം പുറത്ത് വന്നപ്പോൾ തന്നെ ബെയ്‍ലിൻ ദാസിനെ കോടതികളിലോ, ട്രൈബ്യൂണലുകളിലോ ഹാജരാക്കുന്നതിൽ ബാർ കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ താത്കാലിക നടപടിക്കപ്പുറം ഇനി എന്ത് എന്നതിലാണ് വിശദമായ അന്വേഷണം അച്ചടക്ക സമിതി നടത്തുക.
ബാർ കൗൺസിൽ സിറ്റിംഗിൽ അഡ്വ ശ്യാമിലി നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. ബെയ്‍ലിൻ ദാസ് ഓൺലൈനായാണ് ഹാജരായത്. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് ശ്യാമിലി പ്രതികരിച്ചു. രണ്ട് തവണ ബെയ്‍ലിൻ ദാസ് ശ്യാമിലിയെ മർദ്ദിച്ചെന്നും, കവിളത്തേറ്റ അടിയുടെ ആഘാതത്തിൽ പരാതിക്കാരി നിലത്ത് വീണ് എഴുന്നേറ്റപ്പോഴും വീണ്ടും അടിച്ചെന്നുമാണ് പൊലീസ് എഫ്ഐആർ. തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മറ്റുള്ളവരുടെ മുന്നിൽ വെച്ച് മർദ്ദിച്ചു എന്നീ വകുപ്പുകളിലുമാണ് കേസ്. ജോലിയിൽ നിന്ന് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടപ്പോൾ ശ്യാമിലി അതിന്റെ കാരണം ചോദിച്ചതിലെ പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് മൊഴി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം