സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും; ബിയറും വൈനും മാത്രം വിൽക്കും

By Web TeamFirst Published Jun 28, 2021, 11:16 AM IST
Highlights

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ബാറുകൾ തുറക്കുന്നത്. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിൻറെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയതിലാണ് ബാറുടമകൾക്ക് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം. മറ്റ് മദ്യം വിൽക്കില്ല. മദ്യത്തിന്റെ ലാഭവിഹിതം ബെവ്കോ കൂട്ടിയതിനാൽ ബാറുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. 

ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ബാറുകൾ തുറക്കുന്നത്. ബെവ്കോ ബാറുകൾക്ക് നൽകുന്ന മദ്യത്തിൻറെ വെയർഹൗസ് ലാഭവിഹിതം എട്ടിൽ നിന്നും 25 ആക്കി കൂട്ടിയതിലാണ് ബാറുടമകൾക്ക് പ്രതിഷേധം. ലാഭവിഹിതം കുറക്കാത്തതിനാൽ ബെവ്കോ ഔട്ട് ലെറ്റുകൾ തുറന്നിട്ടും ബാറുകൾ അടച്ചിടുകയായിരുന്നു. സ‍ർക്കാർ ഇടപെട്ട് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല.

ലാഭവിഹിതത്തിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ നികുതി സെക്രട്ടറിയെയും എക്സൈസ് കമ്മീഷണറെയും സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. തീരുമാനം നീണ്ട് പോകുന്നതിനിടെയാണ് ബാറുകൾ തുറക്കുന്നത്. ബിയറുകളും വൈനും മാത്രമായിരിക്കും വിൽക്കുക. ബിയറുകളുടെ സ്റ്റോക്ക് കാലാവധി ആറുമാസമായിരിക്കെ ഇനിയും അടച്ചിട്ടാൽ ബാറിലുള്ള സ്റ്റോക്ക് വിൽക്കാനാകില്ലെന്ന് കൂടി കണക്കിലെടുത്താണ് തീരുമാനം. 

click me!