
എറണാകുളം: റവന്യൂ ടവറിനകത്ത് പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയുടെ മുകൾഭാഗം ചോർന്നൊലിക്കുന്നു. പല തവണ പരാതി നൽകിയിട്ടും കെട്ടിടത്തിന്റെ ഉടമസ്ഥരായ കേരള ഹൗസിംഗ് ബോർഡ് അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് പരാതി. ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് ഹൗസിംഗ് ബോർഡ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
റവന്യൂ ടവറിന്റെ ഏറ്റവും താഴത്തെ നിലയിലാണ് കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാല പ്രവർത്തിക്കുന്നത്. ഗവേഷണ, വൈജ്ഞാനിക പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണിവിടെയുള്ളത്. എന്നാൽ പുസ്തകശാലയുടെ മുകൾഭാഗത്ത് നിന്ന് അഴുക്കുവെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നിരവധി പുസ്തകങ്ങൾ നനഞ്ഞ് നാശമായി.
ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലെ കെട്ടിടത്തിൽ വാടകയ്ക്കാണ് പുസ്തകശാല പ്രവർത്തിക്കുന്നത്. 2016 മുതൽ പരാതി നൽകിയിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് പരാതി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരാതി കിട്ടിയിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും ഹൗസിംഗ് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വേണ്ടത്ര ഫണ്ട് ലഭിക്കാത്തതും വിദഗ്ധരായ തൊഴിലാളികളെ കിട്ടാത്തതുമാണ് നിലവിലെ തടസ്സമെന്നും ഹൗസിംഗ് ബോർഡ് വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam