ബത്തേരിയിൽ അച്ഛനെയും മകളെയും തള്ളിവീഴ്ത്തിയ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി

By Web TeamFirst Published Jan 17, 2020, 3:08 PM IST
Highlights

പ്രാഥമികാന്വേഷണത്തിൽ ബസിന്റെ ഡ്രൈവറായിരുന്ന വിജീഷും കണ്ടക്ടർ ലതീഷും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. കാര്യമ്പാടി മോർക്കാലയിൽ വീട്ടിൽ എംഎം ജോസഫ്, മകൾ നീതു എം ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്

സുൽത്താൻ ബത്തേരി: മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും ബസിൽ നിന്ന് തള്ളിവീഴ്ത്തി ഗുരുതരമായി പരിക്കേൽപ്പിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ മീനങ്ങാടി പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

പ്രാഥമികാന്വേഷണത്തിൽ ബസിന്റെ ഡ്രൈവറായിരുന്ന വിജീഷും കണ്ടക്ടർ ലതീഷും കുറ്റക്കാരാണെന്ന് കണ്ടെത്തി. ബസിന്റെ പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതിനടക്കം ശുപാർശ ചെയ്തുകൊണ്ട് പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൊടുക്കുമെന്നാണ് വിവരം.

ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. കാര്യമ്പാടി മോർക്കാലയിൽ വീട്ടിൽ എംഎം ജോസഫ്, മകൾ നീതു എം ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ബസിന്റെ പിൻചക്രം കയറിയിറങ്ങി ജോസഫിന്റെ രണ്ട് കാലിന്റെയും തുടയെല്ലുകൾ പൊട്ടി. ഇദ്ദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

നീതുവിന്റെ ഇടതുകൈയിൽ പൊട്ടലും ചതവും ഇടുപ്പെല്ലിൽ വേദനയുമുള്ളതായി പൊലീസ് പറയുന്നു. ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് നീതു റോഡിലേക്ക് തെറിച്ചു വീണു. ബസ് നിർത്താതെ പോകുകയും യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് അൽപദൂരം മാറി ബസ് നിർത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടർ ലതീഷ് പുറത്തേയ്ക്ക് തള്ളുകയായിരുന്നു. ഈ സമയത്ത് ഡ്രൈവർ വിജീഷ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. നിലത്ത് വീണ ജോസഫിന്റെ കാലുകൾക്ക് മുകളിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. കൽപ്പറ്റ-ബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്.

click me!