ബിഡിജെഎസ് വീണ്ടും പിളർന്നു; ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടി, യുഡിഎഫിനൊപ്പം

By Web TeamFirst Published Feb 4, 2021, 10:26 PM IST
Highlights

ബിഡിജെഎസ് ഒരിക്കല്‍ കൂടി പിളർന്നു. മൂന്ന് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഭാരതീയ ജന സേന എന്ന പേരിലാണ് പുതിയ പാർട്ടി. 

കൊച്ചി: ബിഡിജെഎസ് ഒരിക്കല്‍ കൂടി പിളർന്നു. മൂന്ന് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഭാരതീയ ജന സേന എന്ന പേരിലാണ് പുതിയ പാർട്ടി. യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. ബിഡിജെഎസ് ആദ്യം പിളര്‍ത്തിയത് സുഭാഷ് വാസു. ഇപ്പോള്‍ എന്‍ഡിഎയുമായുളള ബന്ധത്തെ ചൊല്ലി ഒരു വിഭാഗം കൂടി പാര്‍ട്ടി വിട്ടു. 

ജനറല്‍ സെക്രട്ടറിമാരായ എൻകെ നീലകണ്ഠൻ, വി ഗോപകുമാർ കെകെ ബിനു എന്നിവർ മുൻകൈ എടുത്താണ് ഭാരതീയ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. എൻകെ നീലകണ്ഠനാണ് പാര്‍ട്ടി പ്രസിഡന്റ്. ബിഡിജെഎസ്സിന് മതിയായ പരിഗണന കിട്ടുന്നില്ലെന്നാരോപിച്ച് എന്‍ഡിഎ വിടണമെന്ന് തദ്ദേശതെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇവര്‍ ആവശ്യപ്പെട്ടുവരികയായിരന്നു. എന്നാല്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ളവർ ഇതിനോട് യോജിച്ചില്ല. ഒടുവില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പുറത്ത് വരികയായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി ഹൈന്ദവരെ കബളിപ്പിക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി -ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. ബിജെഎസ് നേതാക്കൾ മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. യുഡിഎഫിലേക്ക് ബിജെഎസിനെ സ്വാഗതം ചെയ്യുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എന്നാൽ ബിഡിജെഎസ് പിളർന്നിട്ടില്ലെന്നും മുഴുവന്‍ ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു. .ഇതിനിടെ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ബിഡിജെഎസ് അടിയന്തിര ജനറല്‍ കൗണ്‍സില്‍ യോഗം നാളെ ചേരും. 

click me!