കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും

By Web TeamFirst Published Mar 24, 2020, 2:12 PM IST
Highlights

 രോഗം സ്ഥിരീകരിച്ച എന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

കോഴിക്കോട്: കൊവിഡ് രോഗബാധിതരുടെ എണ്ണം നാലായി ഉയർന്നതിന് പിന്നാലെ വിപുലമായ രോഗപ്രതിരോധസംവിധാനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. തയ്യാറെടുപ്പുകളുടെ ഭാഗമായി കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റും. കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യും. ഇവരിൽ രോഗം സ്ഥിരീകരിച്ച എന്നാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. 

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജില്ലയിൽ മൂന്ന് കണ്ട്രോക്ൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ അറിയിച്ചു. അവശ്യവസ്തുകൾ ജനങ്ങളിൽ എത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പും കണ്ട്രോൾ റൂം തുറക്കും. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിയതായും ഇവരെല്ലാം ഇപ്പോൾ നിരീക്ഷണത്തിലുണ്ടെന്നും ജില്ലാ കളക്ടർ വി.സാംബശിവറാവു അറിയിച്ചു.

കൊവിഡ് രോഗവ്യാപനം ഗുരുതരാവസ്ഥിയിലേക്ക് നീങ്ങിയാൽ എടുക്കേണ്ട മുൻകരുതൽ നടപടികളും ഇതിനോടകം ജില്ലാ ഭരണകൂടം എടുത്തു കഴിഞ്ഞു. ജില്ലയിലെ ഒഴിഞ്ഞു കിടക്കുന്നു കോളേജുകൾ, ഹോസ്റ്റലുകൾ എന്നിവ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം ഇവയെ അടിയന്തര മെഡിക്കൽ കെയർ ഹോമുകളാക്കി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. 

click me!