ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മന്ത്രി അബ്ദുറഹ്മാൻ. പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന പരിപാടി എന്ന നിലയിലാണ് പങ്കെടുത്തതെന്നും, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളെ ഇപ്പോഴും എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്ത് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തെത്തി. ഒരു ചാരിറ്റി പദ്ധതി എന്ന നിലയിലാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്നും, സ്വന്തം മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന പരിപാടി എന്ന പരിഗണനയിലാണ് അവിടെ പോയതെന്നും മന്ത്രി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ഇപ്പോഴും ആ നിലപാടുകളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുത്തപ്പോഴും തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ജനസേവനപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വേദിയിലും തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാണ് സംസാരിച്ചതെന്നും മന്ത്രി വിവരിച്ചു.
വിശദവിവരങ്ങൾ
ജനുവരി 19 നായിരുന്നു മന്ത്രി വി അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമി വേദിയിലെത്തിയത്. ബൈത്തു സക്കാത്ത് ക്യാമ്പയിൻ്റെ ഉദ്ഘാടകനായാണ് മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുത്തത്. മലപ്പുറം താനൂർ പുത്തെൻതെരുവിലെ പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ജമാഅത്തെ ബന്ധത്തിന്റെ പേരിൽ യു ഡി എഫിനെ ഇടതു പക്ഷം കടന്നാക്രമിക്കുമ്പോഴാണ് പിണറായി സർക്കാരിലെ മന്ത്രി ജമാഅത്തെ വേദിയിലെത്തുന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും വലിയ തോതിൽ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ ഇടത് കേന്ദ്രങ്ങളിലടക്കം വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.


