
മലപ്പുറം: പാണക്കാട് കുടുംബത്തിന്റെ അനുഗ്രഹത്തോടെയാണ് താൻ സ്ഥാനാർത്ഥിയായതെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം. പാണക്കാട് കുടുംബവുമായി തനിക്ക് മികച്ച ബന്ധമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു. ജോയിക്ക് നൽകിയ മുത്തം സ്നേഹപ്രകടനമാണ്. വേദിയിലുണ്ടായിരുന്ന എല്ലാ കോൺഗ്രസ് നേതാക്കളെയും താൻ കെട്ടിപ്പിടിച്ചു. യുഡിഎഫ് ഒറ്റക്കെട്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.
അതേ സമയം, വൈകിട്ട് മൂന്നുമണിയോടെ സാധുവായ നാമനിർദ്ദേശപത്രികകൾ എത്ര പേരുടെതെന്ന് വ്യക്തമാകും. ആകെ 19 പേരാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികൾ ഇന്ന് തുടങ്ങും. രാവിലെ എട്ടു മുപ്പതിന് പോത്തുകൽ പഞ്ചായത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അബ്ബാസലി ശിഹാബ് തങ്ങൾ പര്യടനം ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പര്യടനവും തുടരുകയാണ്. ഇടതുപ്രചാരണത്തിനായി മന്ത്രിമാർ അടക്കം കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ എത്തും. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും യുഡിഎഫ് പ്രചാരണത്തിനായി മണ്ഡലത്തിൽ തുടരുന്നുണ്ട്. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് ബിജെപി സ്ഥാനാർഥി മോഹൻ ജോർജ്. ഇടതു കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മറുപടി നൽകുമെന്ന് തൃണമൂൽ സ്ഥാനാർഥി പി വി അൻവർ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam