ശബരിമല വിമാനത്താവളം സ്ഥാപിക്കുക ചെറുവള്ളി എസ്റ്റേറ്റില്‍ എന്ന പ്രചാരണം വ്യാജം; ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍

By Web TeamFirst Published Jul 3, 2019, 1:25 PM IST
Highlights

കോടതി ഉത്തരവ്  പ്രകാരം എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത ബിലീവേഴ്സ് ചർച്ചിന് തന്നെയാണ്.എസ്റ്റേറ്റ് ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ച സർക്കാരുമായി നടത്തിയിട്ടില്ല. ബിലിവേഴ്സ് ചർച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമില്ലെന്ന് ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍. 

എരുമേലി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍ വ്യക്തമാക്കി. കോടതി ഉത്തരവ്  പ്രകാരം എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത ബിലീവേഴ്സ് ചർച്ചിന് തന്നെയാണ്. ഇവിടെ വിമാനത്താവളം വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു. 

ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഉപയോഗപ്പെടുത്തുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, എസ്റ്റേറ്റിന്‍റെ ഉടമസ്ഥത സംബന്ധിച്ച കേസിൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ നിന്നുണ്ടായതെന്നും വിമാനത്താവളത്തിനായി  സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ബിലീവേഴ്സ് ചര്‍ച്ച് കൗണ്‍സില്‍ പിആര്‍ഒ ഫാദർ സിജോ പന്തപ്പള്ളിൽ പറഞ്ഞു.

എസ്റ്റേറ്റ് ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ച സർക്കാരുമായി നടത്തിയിട്ടില്ല. ബിലിവേഴ്സ് ചർച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ടുവരാന്‍ ശ്രമിക്കുന്നുമില്ല. ഇത്തരം  പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സഭാ കൗൺസില്‍ അറിയിച്ചു. 

2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ്  ഹാരിസൺസ് മലയാളം പ്ലാന്‍റേഷൻസിൽ നിന്ന് ബിലീവേഴ്സ് ചർച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാനസർക്കാർ കോടതിയെ സമീച്ചെങ്കിലും വിധി ചർച്ചിന് അനുകൂലമാവുകയായിരുന്നു. 

click me!