'അന്ന് കൈ കൊണ്ട് ശ്രമിച്ചപ്പോൾ നടന്നില്ല, ഇപ്പോൾ മൂക്ക് കൊണ്ട് സാധ്യമായി'; ഫോണിൽ റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് ബെന്നി, അം​ഗീകാരം!

Published : Sep 27, 2025, 06:34 PM IST
benny bernad record

Synopsis

അസാധ്യം എന്ന വാക്കിന്റെ മുന്നിൽ പകച്ചുനിൽക്കാതെ പുതിയൊരു നേട്ടത്തെ എത്തിപ്പിടിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഫോർ‌‌ട്ട് കൊച്ചി നസ്രേത്ത് സ്വദേശിയായ ബെന്നി ബെർണാഡ്.

23ാ- മത്തെ വയസ്സിൽ ഒരു ആക്സിഡന്റിന്റെ രൂപത്തിലെത്തി വീഴ്ത്തിക്കളഞ്ഞ വിധിയോട് ബെന്നി ബെർണാഡിന് പരിഭവമോ പരാതിയോ ഇല്ല. മറിച്ച് ഇക്കാലമത്രയും ആത്മധൈര്യം കൊണ്ടും ഇച്ഛാശക്തി കൊണ്ടും പ്രതിസന്ധികളെ മറികടന്ന കഥയാണ് ബെന്നിക്ക് പറയാനുള്ളത്. അസാധ്യം എന്ന വാക്കിന്റെ മുന്നിൽ പകച്ചുനിൽക്കാതെ പുതിയൊരു നേട്ടത്തെ എത്തിപ്പിടിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഫോർ‌‌ട്ട് കൊച്ചി നസ്രേത്ത് സ്വദേശിയായ ബെന്നി ബെർണാഡ്. സ്മാർ‌ട്ട് ഫോണിൽ മൂക്ക് കൊണ്ട് റുബിക്സ് ക്യൂബ് സോൾവ് ചെയ്ത് ടാലന്റ് റെക്കോർഡ് ബുക്ക് അം​ഗീകാരം നേടിയിരിക്കുകയാണ് ബെന്നി. 

1997 ലാണ് ദില്ലിയിൽ ജോലി സ്ഥലത്ത് വെച്ചുണ്ടായ  അപകടത്തെ തുടർന്ന് 23ാം വയസിൽ ബെന്നിയുടെ സ്പൈനൽ കോർഡിന് ക്ഷതം സംഭവിച്ച് കഴുത്തിന് കീഴ്പ്പോട്ട് തളർന്നുപോകുന്നത്. കൈകൾക്ക് ഭാ​ഗികമായി മാത്രമേ ചലനശേഷിയുള്ളൂ. ഓടിച്ചാടി നടന്നൊരാൾ പെട്ടെന്നൊരു ദിവസം കിടക്കയിലേക്ക് മാത്രം ഒതുങ്ങിപ്പോയാൽ ചിലപ്പോൾ തകർന്നുപോയേക്കാം. പക്ഷേ ബെന്നി എന്ന ചെറുപ്പക്കാരൻ തളർന്നില്ല. ഉറ്റവരുടെ കൈ പിടിച്ച് ജീവിതത്തെ കൂടുതൽ സ്നേഹിച്ചു. ബെന്നി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു…

റെക്കോർഡിലേക്ക് എത്തിയതിങ്ങനെ…

റുബിക്സ് ക്യൂബിനോട് പണ്ടും ഇഷ്ടമായിരുന്നെന്ന് ബെന്നി പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് യാത്രകളിലെല്ലാം ബാ​ഗിലൊരു റുബിക്സ് ക്യൂബുണ്ടായിരുന്നു. അത് സോൾവ് ചെയ്യാൻ ശ്രമിക്കുന്നതായിരുന്നു ഹോബി. ‘’അന്ന് കൈ കൊണ്ട് ശ്രമിച്ചിട്ട് നടന്നില്ല, പക്ഷേ ഇപ്പോൾ മൂക്ക് കൊണ്ട് ശ്രമിച്ചപ്പോൾ ഓകെ ആയി'' എന്ന് ബെന്നിയുടെ വാക്കുകൾ. കൊവിഡിനും മുമ്പാണ് പഴയ ഹോബിയെ പൊടിതട്ടിയെടുത്തത്. സ്മാർ‌‌‌ട്ട് ഫോൺ കൈയിൽ കൊരുത്തുവെച്ച് സ്ക്രീനിൽ മൂക്ക് കൊണ്ട് മൂവ് ചെയ്താണ് ബെന്നി റുബിക്സ് ക്യൂബ് സോൾവ് ചെയ്തത്. ‘’മൂക്കിലെ തൊലിയൊക്കെ പോയി, കണ്ണിനും ബുദ്ധിമുട്ടുണ്ടായി. പിന്നീട് ഇടവേളകളെടുത്തും കണ്ണിന് വിശ്രമം നൽകിയുമായിരുന്നു ശ്രമം. കൈകൾക്ക് ബലം കുറവായതിനാൽ ഒരുപാട് നേരം ഫോൺ പിടിക്കാൻ വയ്യ.'' റുബിക്സ് ക്യൂബിനെ വരുതിയിലാക്കിയതിന് പിന്നിൽ ചെറിയ കഷ്ടപ്പാടൊന്നുമായിരുന്നില്ലെന്ന് ബെന്നി പറയുന്നു. അങ്ങനെ ഒടുവിൽ കഴിഞ്ഞ മെയ് 1ന് 4 മിനിറ്റും 19 സെക്കന്റും കൊണ്ട് റുബിക്സ് ക്യൂബ് സോൾവ്ഡ് ആയി റെക്കോർഡും നേടി. റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ വിശദാംശങ്ങൾക്കൊപ്പം അയച്ചു കൊ‌ടുത്തിരുന്നു.

ബെൻസ് ടച്ച് ഡോ‌ട്ട് കോം

ആർക്കി‍ടെക്ചർ മേഖലയിലെ പരിചയം മാത്രമായിരുന്നു ഡിസൈനിം​ഗ് രം​ഗത്തേക്കുള്ള ബെന്നിയുടെ കൈമുതൽ. അപകടത്തിന് ശേഷം കിടക്കയിൽ കിടന്നാണ് ഡിസൈനിം​ഗ് പഠിച്ചത്. പഠനമെന്നൊന്നും പറയാൻ പറ്റില്ലെന്നും ബെന്നി പറയുന്നു. സുഹൃത്തുക്കളാണ് ഡിസൈനിം​ഗിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തത്. ജോലി ചെയ്തിരുന്ന സമയത്ത് കെട്ടി‌ടത്തിന്റെ പ്ലാൻ വരച്ചിരുന്നതും കൂടുതൽ കരുത്തായി. ബെൻസ്‌ടച്ച് ഡോട്ട് കോം എന്ന വെബ്സൈറ്റ് ആരംഭിക്കുന്നത് അങ്ങനെയാണ്. നിരവധി ദേവാലയങ്ങളുടെയും വീടുകളും ഡിസൈൻ വർക്കുകൾ ചെയ്തു. 500 ലധികം ത്രീ മോഡൽ വർക്കുകൾ ചെയ്തതിന്റെ ഭാ​ഗമായി മറ്റൊരു അം​ഗീകാരവും ബെന്നിയെ തേടിയെത്തിയിരുന്നു. യൂണിവേഴ്സൽ റെക്കോർഡ് ബുക്കിലും ബെന്നിയുടെ പേരുണ്ട്.

കൂടെയുള്ളത് കുടുംബം

പത്രവാർത്തയിലൂടെയാണ് സെലിൻ ബെന്നിയെ പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി, ഒടുവിൽ 2005ൽ ഇവർ വിവാഹിതരായി. അങ്ങനെ ബെന്നിയുടെ സന്തോഷത്തിലും സന്താപത്തിലും കൂട്ടാകാൻ സെലിൻ സരിതയെത്തി. മകൻ ബെൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സുഹൃത്തുക്കളാണ് തന്റെ പിന്തുണയെന്ന് ബെന്നി പറയുന്നു. ക്രിസ്മസിനും ന്യൂ ഇയറിനും വിവാഹവാർഷികത്തിലും പിറന്നാളിലും അങ്ങനെ എല്ലാ ആഘോഷവേളകളിലും ബെന്നിക്ക് സമ്മാനങ്ങളും മധുരവുമായി സുഹൃത്തുക്കളും ഉറ്റവരും എത്തും. പരിമിതികളെ ഭയപ്പെടുന്നവർക്ക് മുന്നിലേക്കാണ് ബെന്നി എന്ന യുവാവ് തന്റെ ജീവിതം തുറന്നു വെക്കുന്നത്. പ്രതിസന്ധികളെ പേടിക്കുന്നവർക്ക് പ്രചോദനത്തിന്റെ പാഠപുസ്തകം കൂടിയാണ് ബെന്നി ബെർണാഡ്.

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം