
തിരുവനന്തപുരം: കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനയിൽ ബിജെപിക്കുള്ളിലും തർക്കം തുടരുകയാണ്. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നതിനിടെ, കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും എയിംസ് അനുവദിക്കുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിജെപി നേതാവ് എം.ടി രമേശ്. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താൽപര്യങ്ങളും ആവശ്യവുമാണെന്നും, ഓരോ നേതാക്കളും അവരവർക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും എംടി രമേശ് കൂട്ടിച്ചേർത്തു. കേരളത്തിൽ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും എംടി രമേശ് വ്യക്തമാക്കി.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബിജെപി സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യുമെന്നും എംടി രമേശ് വ്യക്തമാക്കി. ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ നിഷേധിക്കുന്ന സ്ഥിതിയുണ്ട്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിച്ചാലും തെരഞ്ഞെടുപ്പിനെ നേരിടുക. കേന്ദ്ര പദ്ധതികളെ സംസ്ഥാനം അട്ടിമറിക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. ആയുഷ്മാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നിഷേധിക്കുകയാണെന്നും എംടി രമേശ് ചൂണ്ടിക്കാട്ടി.