Latest Videos

തെരുവ് നായകളെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റാം; നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്

By Web TeamFirst Published Sep 12, 2022, 8:25 PM IST
Highlights

ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി നടപ്പാക്കാനാണ് സംഘടനയുടെ ശ്രമം. ഇതിനുള്ള സഹകരണം ആവശ്യപ്പെട്ട് ബെറ്റർ കൊച്ചി ടീം സംസ്ഥാന സർക്കാരിനെയും കോർപ്പറേഷനെയും സമീപിച്ചു.

കൊച്ചി: കൊച്ചിയിലെ തെരുവ് നായകളെ ആൾപ്പാർപ്പില്ലാത്ത ദ്വീപുകളിലേക്ക് മാറ്റണമെന്ന നിർദ്ദേശവുമായി ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പ്. ക്രൗഡ് ഫണ്ടിംഗിലൂടെ പദ്ധതി നടപ്പാക്കാനാണ് സംഘടനയുടെ ശ്രമം. ഇതിനുള്ള സഹകരണം ആവശ്യപ്പെട്ട് ബെറ്റർ കൊച്ചി ടീം സംസ്ഥാന സർക്കാരിനെയും കോർപ്പറേഷനെയും സമീപിച്ചു.

തെരുവിൽ അക്രമകാരികളാകുന്ന നായകളെ നിയന്ത്രിക്കാൻ എന്താണ് വഴി? ഉന്മൂലനം ചെയ്യാനാകില്ല, വന്ധ്യംകരണം ന‌ത്തിയാലും എണ്ണം കുറയാൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് തെരുവ് നായ ശല്യത്തിന് പെട്ടെന്നൊരു പരിഹാരം കാണാനായുള്ള ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്പിന്‍റെ നിർദ്ദേശം. കൊച്ചിയിൽ ബോൾഗാട്ടിയ്ക്കും വെല്ലിഗ്ടൺ ദ്വീപിനും ഇടയിൽ ദീപു സാഗർ, ഡയമണ്ട് തുടങ്ങി ആൾപ്പാർപ്പില്ലാത്ത ദ്വീപുകളുണ്ട്. ഇവിടേയ്ക്ക് തെരുവ് നായ്ക്കളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ആവശ്യം. അതിന് മുമ്പ് ദ്വീപുകളിൽ നായ്ക്കൾക്ക് ജീവിക്കാനാവശ്യമായ സൗഹചര്യം ഒരുക്കും. ആദ്യം പട്ടികളെയും വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെയും ദ്വീപിലെത്തിക്കാമെന്നാണ് നിർദ്ദേശം.

 കൊച്ചിൻ പോർട്ട് ട്രെസ്റ്റിന്‍റെ കൈവശമാണ് ഭൂരിപക്ഷം ദ്വീപുകളും ഉള്ളത്. സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലുണ്ടായാലേ പദ്ധതി മുന്നോട്ട് നീങ്ങൂ. ഇക്കാര്യം ആവശ്യപ്പെട്ട് സാമൂഹിക സേവന സംഘടനയായ ബെറ്റർ കൊച്ചി ചീഫ് സെക്രട്ടറിയ്ക്ക് കത്തയച്ചു. 10 മുതൽ 12 വർഷം വരെയാണ് തെരുവ് നായ്ക്കളുടെ ആയുസ്. അതുകൊണ്ട് തന്നെ പരമാവധി 15 വർഷത്തിനകം പദ്ധതി പൂർത്തിയാക്കാമെന്ന കണക്കുകൂട്ടലിലാണ് ബെറ്റർ കൊച്ചി.

Read Also: തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

അതേസമയം,  സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ തീരുമാനമായി. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു. (വിശദമായി വായിക്കാം..).

Read Also: അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

click me!